ജില്ലാ വാർത്ത

ഗൃഹനാഥൻ ആത്മഹത്യചെയ്തു; സിപിഎം നേതാക്കള്‍ക്കെതിരെ കുറിപ്പ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പെരുനാട് സ്വദേശി ബാബു(64) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്തുള്ള റബര്‍ മരത്തില്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി റോബിന്‍, വാര്‍ഡ് അംഗം എന്നിവര്‍ക്കെതിരേ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ട്. വെയിറ്റിങ് ഷെഡ് നിര്‍മാണത്തിനായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ബലം പ്രയോഗിച്ച് അളന്നെടുത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ബാബുവിന്റെ ഭാര്യ കുസുമകുമാരിയും പ്രതികരിച്ചു.

താനൊരു സിപിഎം പ്രവര്‍ത്തകനാണെന്ന് ബാബു കുറിപ്പില്‍ പറയുന്നു. വെയിറ്റിങ് ഷെഡ് നിര്‍മാണത്തിനായി നേരത്തെ കുറച്ച് സ്ഥലം പഞ്ചായത്തിന് നല്‍കിയിരുന്നു. ഇത് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് രണ്ടേകാല്‍ സെന്റ് സ്ഥലം കൂടി വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പെടുകയും താലൂക്ക് സര്‍വേയറെ എത്തിച്ച് അളക്കുകയും ചെയ്തു. പാര്‍ട്ടി നേതാക്കള്‍ക്ക് നാല് ലക്ഷം രൂപ നല്‍കിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

Leave A Comment