ജില്ലാ വാർത്ത

ഇരുചക്ര വാഹനങ്ങളുടെ രൂപമാറ്റം : 88 വാഹനങ്ങൾക്കെതിരെ പിഴ

കൊച്ചി : രൂപ മാറ്റം വരുത്തിയ ഇരു ചക്ര വാഹന ഉടമകൾക്കെതിരെ നടപടി കർശനമാക്കാനുള്ള ട്രാൻസ്‌പോർട് കമ്മിഷണറുടെ നിർദേശം അനുസരിച്ചു ഡീലർഷിപ്പുകൾ കേന്ദ്രീകരിച്ചു മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന പുരോഗമിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 700 വാഹനങ്ങളാണ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചത്. ഇതിൽ 88 വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി.

ഡീലർമാരിൽ നിന്ന് വാഹനമുടമയുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ഇവരെ ബന്ധപ്പെടുകയും വീടുകളിൽ പരിശോധനക്കായി നേരിട്ടത്തുകയുമാണ് മോട്ടോർ വാഹന വകുപ്പ് ചെയ്യുന്നത്. വാഹനങ്ങൾ പരിശോധിച്ച ശേഷം ഓരോ രൂപമാറ്റത്തിനും കുറഞ്ഞത് 5000 രൂപയാണ് പിഴ ചുമത്തുന്നത്. മലിനീകരണ നിയന്ത്രണം സംബന്ധിച്ച മാറ്റങ്ങൾ വരുത്തുന്ന സാഹചര്യത്തിൽ 2000 രൂപ അധികമായി ചുമത്തും.

രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെയുള്ള   പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കുന്നത്. 200 സി. സി ക്ക് മുകളിലുള്ള വാഹനങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ ശേഖരിച്ചു പരിശോധിക്കുന്നത്.

Leave A Comment