ജില്ലാ വാർത്ത

പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ് : എറണാകുളത്ത് മൂന്ന് പേർക്കെതിരെ പിഴ ചുമത്തി

കൊച്ചി : പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമുപയോഗിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു പേര്‍ക്കെതിരെ പിഴ ചുമത്തി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്. ലൈസന്‍സ് ഇല്ലാത്തയാള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കിയ വകുപ്പില്‍ 5000 രൂപയും പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് വാഹനം നല്‍കിയ കുറ്റത്തിന് 25000 രൂപയുമാണ് പിഴ ചുമത്തിയത്. കുറ്റക്കാര്‍ക്ക് കോടതി പിരിയും വരെ സാധാരണ തടവും വിധിച്ചു.

  കുറ്റക്കാരായവര്‍ ഓടിച്ച വാഹനത്തിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കാനും മോട്ടോര്‍ വാഹന വകുപ്പിനോട് നിര്‍ദേശിച്ചു. വാഹന ഉടമകളാണ് ഈ നടപടികള്‍ക്ക് വിധേയരാവുന്നത്. ഇവര്‍ രണ്ടാഴ്ചത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കാനും കോടതി നിര്‍ദേശിച്ചു.

 പോണേക്കര സ്വദേശി പുന്നക്കരപറമ്പില്‍ ഷമീര്‍, കളമശ്ശേരി സ്വദേശി ഞാക്കട വീട്ടില്‍ നിസ, ആലുവ പരമാനക്കൂടി വീട്ടില്‍ ഹലീന അബുബക്കര്‍ എന്നിവര്‍ക്കെതിരെയാണു നടപടി. 

 വാഹനമോടിച്ചിരുന്ന ആള്‍ പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇവര്‍ക്കെതിരെയുള്ള നടപടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിഗണനയിലാണ്.

Leave A Comment