ജില്ലാ വാർത്ത

കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഒരു ഷട്ടർ കൂടി തകർന്നു

പുത്തന്‍വേലിക്കര: ചാലക്കുടി പുഴയിൽ ഉപ്പ് കലതാരിക്കാൻ കണക്കൻകടവിൽ സ്ഥാപിച്ചിട്ടുള്ള റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഒരു ഷട്ടർ കൂടി കഴിഞ്ഞ ദിവസം തകർന്നു. ഏഴാമത്തെ ഷട്ടറാണ് തകർന്നത്. മൂന്ന് വര്‍ഷം മുന്‍പ് പാലത്തിലെ നാലാമത്തെ ഷട്ടർതകർന്നിരുന്നു. ഇതോടെ ചാലക്കുടിപുഴയിലേക്ക് വ്യാപകമായി ഉപ്പ് കലർന്നിരുന്നു. വരുന്ന വേനലിൽ ജനം ഉപ്പുവെള്ളം കുടിക്കേണ്ട ഗതികേടിലേക്കാണ് പോകുന്നതെന്ന് ഗ്രാമവാസികൾ പറയുന്നത്. 

രണ്ട് പതിറ്റാണ്ട് മുൻപ് സ്ഥാപിച്ച കണക്കൻകടവ് റഗുലേറ്റർ കം ബ്രിജ്ഡ് ഇന്ന് നാട്ടുകാർക്ക് തീരാതലവേദനയായി മാറിയിരിക്കയാണ്. ഷട്ടറുകൾ തകരാറിലായതിനാൽ വർഷാവർഷം മണൽബണ്ട് നിർമ്മാണം ആവശ്യമാണ്. ഇതിനായി ലക്ഷങ്ങളാണ് മുടക്കുന്നത്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും വിഷയത്തിൽ ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർക്ക് ആയിട്ടില്ല. മഴ ആയാലും വേനൽ ആയാലും അന്നമനട, കുഴൂർ, പൊയ്യ, പാറക്കടവ്, കുന്നുകര, പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തുകളിൽ ഉള്ളവർക്ക് കുടിക്കാൻ കിട്ടുന്നത് ഉപ്പുവെള്ളമാണ്. ഷട്ടറിന്റെ നിർമ്മാണത്തിലെ അപാകത കാരണം എന്നും തകരാറുമാത്രമാണുള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

അടിയന്തിരമായി ജല, പൊതുമരാമത്ത് വകുപ്പുമന്ത്രിമാര്‍ ഇടപെട്ട് ഗുണമേന്‍മയോടെ ഷട്ടറുകളെല്ലാം മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനിടെ കണക്കൻകടവ്  ഷട്ടര്‍ തകര്‍ന്നത് വിലയിരുത്താന്‍  പഞ്ചായത്ത് അധികൃതരും മേജര്‍ ഇറിഗേഷന്‍ വകുപ്പ് മെക്കാനിക്കല്‍ ചീഫ് എഞ്ചിനീയര്‍ സതീശന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ബ്രിട്ജിലെ ഷട്ടറുകള്‍ പലതും ദ്രവിച്ച അവസ്ഥയിലാണ്.ദുരന്ത നിവാരണ നിയമം അനുസരിച്ച് തകര്‍ന്ന ഷട്ടര്‍ പുന:സ്ഥാപിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.പി.ഷാജന്‍ ആവശ്യപ്പെട്ടു. മണല്‍ ബണ്ട് നിര്‍മ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഡേവിസ് പനക്കല്‍ ആവശ്യപ്പെട്ടു. 

സമയബന്ധിതമായി മണല്‍ ബണ്ട് പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കത്ത് നല്‍കിയെന്നും ഈ മാസം അവസാനം മണല്‍ ബണ്ട് കെട്ടി തുടങ്ങുമെന്നും മേജര്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചെന്നും പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രസിഡന്‍ റോസി ജോഷി മീഡിയ ടൈമിനോട്‌ പറഞ്ഞു.

Leave A Comment