ജില്ലാ വാർത്ത

പാലപ്പിള്ളി ദൗത്യം പാതിവഴിയിൽ ; കുങ്കിയാനകൾ വയനാട്ടിലേക്ക് മടങ്ങുന്നു

തൃശൂർ : പാലപ്പിള്ളി തോട്ടം മേഖലയിൽ ഭീതിപരത്തിയ കാട്ടാനകളെ തുരത്താൻ വയനാട്ടിൽ നിന്നെത്തിയ കുങ്കിയാനകൾ ദൗത്യം മതിയാക്കി മടങ്ങുന്നു. വയനാട്ടിൽ ജനവാസ കേന്ദ്രങ്ങളിലെത്തിയ കടുവകളെ തുരത്താൻ കുങ്കിയാനകളുടെ സഹായം വേണമെന്ന വനംവകുപ്പിൻ്റെ ആവശ്യത്തെ തുടർന്നാണ് തീരുമാനം.
എന്നാൽ കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ച് ദിവസം മാത്രമാണ് കുങ്കിയാനകൾ കാട്ടാനകളെ തുരത്താനിറങ്ങിയത്.

പാലപ്പിള്ളിയിൽ കുങ്കിയാനകളെത്തിയ  ദിവസംതന്നെയുണ്ടായ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ദൗത്യം നിർത്തിവെച്ചിരുന്നു. കാട്ടാന ആക്രമത്തിൽ പരിക്കേറ്റ വയനാട്ടിൽ നിന്നെത്തിയ ആർ.ആർ.ടി. വാച്ചർ പിന്നീട് മരിച്ചു. അവധി ദിവസങ്ങളിൽ ജീവനക്കാർ നാട്ടിൽ പോയതോടെ ദൗത്യം വീണ്ടും മുടങ്ങി.
ഇതിനിടെ കള്ളായി പ്രദേശത്ത് ഒരുദിവസവും എലിക്കോട്, എച്ചിപ്പാറ മേഖലയിൽ നാല് ദിവസവും മാത്രമാണ് കുങ്കിയാന ദൗത്യം നടന്നത്. ഈ ദിവസങ്ങളിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ കാടുകയറ്റിയെങ്കിലും അടുത്ത ദിവസങ്ങളിൽ കുങ്കിയാനകളുടെ താവളത്തിൽ വരെ കാട്ടാനകൾ എത്തിയിരുന്നു.

പാലപ്പിള്ളിയിൽ കാട്ടാനകളെ തുരത്താൻ കുങ്കിയാനകളുടെ സഹായത്തോടെ നടത്തിയ ദൗത്യം വിജയകരമായി എന്നാണ് പാലപ്പിള്ളി വനം വകുപ്പ് അധികൃതർ പറയുന്നത്. ജനവാസകേന്ദ്രങ്ങളിൽനിന്ന് കാടുകയറ്റിയ ഒറ്റയാൻമാർ പിന്നീട് തിരിച്ചെത്തിയിട്ടില്ലാത്തതാണ്  ആശ്വാസം. 
എന്നാൽ തോട്ടങ്ങളിൽ കൂട്ടങ്ങളായി തമ്പടിച്ച കാട്ടാനകൾ ഇപ്പോഴും പാലപ്പിള്ളിയിലും പരിസര പ്രദേശങ്ങളിലുമുണ്ട്. ഇതുമൂലം നാട്ടുകാരുടെ ആശങ്ക ഇപ്പോഴും ബാക്കിയാണ്.

വയനാട്ടിലെ മുത്തങ്ങ ആനക്യാമ്പിൽ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ഒരുമാസത്തേക്കാണ് പാലപ്പിള്ളിയിൽ എത്തിച്ചിരുന്നത്. 
എലിക്കോട് ആദിവാസി കോളനി, ചക്കിപ്പറമ്പ് ആദിവാസി കോളനി, എച്ചിപ്പാറ, പാലപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോഴും കാട്ടാനക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ പറയുന്നു.

പാലപ്പിള്ളി ജനവാസ മേഖലയിൽ കാട്ടാനകൾ എത്തുന്നത് ശാശ്വതമായി തടയാൻ സോളാർ വേലിയും കിടങ്ങും സ്ഥാപിക്കണമെന്ന ആവശ്യം ഉടൻ നടപ്പാക്കുമെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
ആദ്യം തോട്ടങ്ങളിലേക്കും അവിടെനിന്ന് ജനവാസകേന്ദ്രങ്ങളിലേക്കും ആനകൾ എത്തുന്നത് തടയാൻ ഫലപ്രദമായ ലാൻഡ്‌സ്‌കേപ്പ് മാനേജ്‌മെന്റ് രീതികൾ സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം വനംവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നത്. കുങ്കി ആന ദൗത്യത്തിലെ പരിമിതികളെക്കുറിച്ച് ചില ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വകുപ്പ് അധികൃതർ അവഗണിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

Leave A Comment