ജില്ലാ വാർത്ത

തൃശ്ശൂര്‍ മെഡി. കോളേജ് ഓങ്കോളജി വിഭാഗത്തിന് 2 കോടി രൂപ അനുവദിച്ചു

തൃശ്ശൂർ : ഗവ. മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗത്തിന് 1,99,38,650 രൂപ അനുവദിച്ചു. സർജിക്കൽ ഓങ്കോളജി വിഭാഗം ആരംഭിക്കുന്നതിനായാണ് തുക അനുവദിച്ചത്. 

2022-23 സാമ്പത്തിക വർഷത്തെ കേരള സർക്കാർ ബഡ്ജറ്റിൽ മെഡിക്കൽ കോളേജുകളിലെ കാൻസർ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 8 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിലേക്ക് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗത്തിൽ നിന്നും തയ്യാറാക്കി നൽകിയ പദ്ധതിക്ക് അംഗീകാരം നൽകി 1.99 കോടി രൂപ അനുവദിച്ചു. 

ഗുരുതര കാൻസർ ബാധിതരുടെ ശസ്ത്രക്രിയാ സൗകര്യങ്ങൾ ആധുനികവും മികവുറ്റതുമാക്കാനായി ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനാണ് തുക വിനിയോഗിക്കുക. ഓപ്പറേഷൻ തീയറ്റർ ഉപകരണങ്ങൾ, ടേബിളുകൾ, അനസ്തേഷ്യ ഉപകരണങ്ങൾ, മോണിറ്ററുകൾ, പോസ്റ്റ് ഓപി ഐസിയു സ്ഥാപിക്കുന്നതിനായുള്ള ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. നിലവിൽ ജനറൽ സർജറിയോട് ചേർന്നാണ് കാൻസർ രോഗികളുടെ സർജറി വിഭാഗവും പ്രവർത്തിക്കുന്നത്. ഇത് മാറി പ്രത്യേക ശസ്ത്രക്രിയ വിഭാഗം വരുന്നത് അർബുദ രോഗികൾക്ക് ഏറെ ആശ്വാസകരമാകും. 

നിലവിലുള്ള കാൻസർ കെയർ സെൻ്ററിൻ്റെ പശ്ചാത്തല സൗകര്യ വികസനത്തിനായി നേരത്തേ 5.25 കോടി രൂപ 2022-23 ബഡ്ജറ്റിലെ പ്ലാൻ ഫണ്ടിൽ നിന്നു തന്നെ അനുവദിച്ചിരുന്നു. ഇതും ചേർത്ത് 7.25 കോടി രൂപയാണ് 22-23 ബഡ്ജറ്റിൽ മാത്രമായി തൃശ്ശൂർ മെഡിക്കൽ കോളേജിലെ അർബുദ ചികിത്സാ കേന്ദ്രത്തിൻ്റെ വികസനത്തിനായി അനുവദിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ കാൻസർ സെൻ്റർ കൂടുതൽ സൗകര്യങ്ങളോടുകൂടിയുള്ള മധ്യകേരളത്തിലെ ആർ സി സി ആക്കി ഉയർത്തണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിയമസഭയിൽ സബ്മിഷനിലൂടെ ഉന്നയിച്ചിരുന്നു. അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് സബ്മിഷന് മറുപടി പറയുകയുണ്ടായി. തുടർന്നാണ് തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗത്തിൻ്റെയും കാൻസർ കെയർ സെൻ്ററിൻ്റെയും വികസനത്തിനായി മേൽപ്പറഞ്ഞ തുകകൾ അനുവദിച്ചതെന്ന് സേവ്യർ ചിറ്റിലപ്പിളളി എം എൽ എ അറിയിച്ചു.

Leave A Comment