ജില്ലാ വാർത്ത

ദേശീയ പാതയിലെ മരണക്കുഴികൾ മൂടണം: നാടാകെ പ്രതിഷേധം

അത്താണി : ദേശീയപാതയിൽ കരിയാട്, അത്താണി, പറമ്പയം, ദേശം, മംഗലപ്പുഴ പാലം വരെ റോഡിൽ കുഴികൾ രൂപപ്പെട്ട് നിരന്തരം അപകടമുണ്ടായിട്ടും ദേശീയപാത അധികൃതർ പിന്തുടർന്ന അനാസ്ഥയ്ക്കെതിരേ പ്രതിഷേധം വ്യാപകം. നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് സ്കൂളിന്റെ മുൻപിലെ റോഡിലെ കുഴിയിൽവീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ, ദേശീയപാത അതോറിറ്റി അധികൃതർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുഴികൾ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ദേശീയപാത ഉപരോധിച്ചു.

അറ്റകുറ്റപ്പണികൾ നടത്താത്ത ദേശീയപാത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് സി.പി.എം. നെടുമ്പാശ്ശേരി ലോക്കൽ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയും നെടുമ്പാശ്ശേരി സ്കൂളിന് മുൻപിൽ പ്രതിഷേധ യോഗവും അത്താണിയിലേക്ക് മാർച്ചും നടത്തി. കാംകോയ്ക്ക് മുന്നിലെ ദേശീയപാതയിലെ കുഴിയിൽ സംഘം വാഴനട്ട് പ്രതിഷേധിച്ചു.

നെടുമ്പാശ്ശേരി എം.എ.എച്ച്.എസ്. സ്കൂൾ സ്കൗട്സ്‌ ആൻഡ് ഗൈഡ്സ്‌ വിഭാഗം വിദ്യാർഥികൾ സ്കൂളിന് സമീപം അപകടംനടന്ന ദേശീയപാതയോരത്ത് നിൽപ്പ് സമരം നടത്തി.

Leave A Comment