ജില്ലാ വാർത്ത

ജനാഭിമുഖ കുർബാന നിലനിർത്തണമെന്നാവശ്യപ്പെട്ട് സിറോ മലബാര്‍ സഭ വിശ്വാസസംഗമം

കൊച്ചി: ജനാഭിമുഖ കുർബാന നിലനിർത്തണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ആന്‍റണി കരിയിൽ പക്ഷം വൈദികരും ഒരു വിഭാഗം സഭാ വിശ്വാസികളും എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ  കൊച്ചി കലൂർ സ്റ്റേഡിയത്തില്‍  വിശ്വാസ സംരക്ഷണ മഹാ സംഗമം സംഘടിപ്പിച്ചു. സിനഡ് വിശ്വാസികളെ കേൾക്കുക, ബിഷപ്പ് ആന്‍റണി കരിയിലിനോട് നീതി കാണിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് വിശ്വാസ മഹാ സംഗമം സംഘടിപ്പിച്ചത്. സമ്മേളനത്തിൽ വൈദികരും കന്യാസ്ത്രീകളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിൽ സീറോ മലബാർ  സഭ നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

 മാർപാപ്പായുടെ നിർദേശം അനുസരിച്ചാണ് കുർബാന ഏകീകരിക്കാൻ സിനഡ് തീരുമാനിച്ചതെന്നും കത്തോലിക്കാ സഭയുടെ അച്ചടക്കവും ഭരണ സംവിധാനവും മനസിലാകുന്നവർക്ക്, ആന്റണി കരിയിൽ രാജിവെച്ച സാഹചര്യം മനസിലാവുമെന്നുമാണ്  സിറോ മലബാർ സഭാ നേതൃത്വത്തിന്‍റെ വിശദീകരണം.

എറണാകുളം അങ്കമാലി അതിരൂപതയിൽ  കുർബാന പരിഷ്കാരം നടപ്പാക്കാനുള്ള അഡ്മിനിസ്ടേറ്ററുടെ ആവശ്യം  വൈദികർ തള്ളിയിരുന്നു. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് വിളിച്ച യോഗത്തിൽ ഭൂരിഭാഗം വൈദികരും  ജനാഭിമുഖ കുർബാന തുടരണം എന്ന് ആവശ്യപ്പെട്ടു. അതിരൂപതയ്ക്ക് സഹായമെത്രാനെ നിയമിക്കാൻ പേര് നിർ‍ദ്ദേശിക്കണമെന്ന അഡ്മിനിസ്ട്രേറ്റർ ആവശ്യപ്പെട്ടെങ്കിലും ആരും പേര് എഴുതി നൽകാൻ തയ്യാറായില്ല. മുൻ മെത്രാപോലീത്തൻ വികാരി ആന്‍റണി കരിയിലിനെ അപമാനിച്ച് ഇറക്കിവിട്ടതിന്‍റെ കാരണം അറിയിക്കണമെന്ന് വൈദികർ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം സിനഡ് ശ്രദ്ധയിൽപെടുത്താമെന്ന് ആൻഡ്രൂസ് താഴത്ത് വൈദികരെ അറിയിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയില്‍ വിമത നീക്കത്തെ പിന്തുണച്ചതിനെ തുടര്‍ന്നാണ് ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റിയത്.  മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ  എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തു.  വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജിക്കത്ത് വത്തിക്കാന്‍ നേരത്തെ എഴുതി വാങ്ങിയിരുന്നു.

Leave A Comment