കൊച്ചിയിൽ കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശിനി?
കൊച്ചി: എറണാകുളം ഗിരിനഗറിൽ കൊല്ലപ്പെട്ട യുവതി നേപ്പാൾ സ്വദേശിനിയാണെന്ന് സംശയിക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. എറണാകുളത്തെ താമസ സ്ഥലത്ത് ഇവർ നൽകിയിരിക്കുന്നത് താത്കാലിക മേൽവിലാസമാണ്. ദന്പതികളുടെ പേരുകളിൽ അവ്യക്തതയുണ്ടെന്നും വീട്ടുടമയ്ക്ക് നൽകിയ ഇരുവരുടെയും തിരിച്ചറിയൽ രേഖ വ്യാജമാണെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.
ലക്ഷ്മി എന്ന മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പോലീസിന്റെ ആദ്യ അനുമാനം. ഇവർക്കൊപ്പം താമസിച്ചിരുന്ന ഭർത്താവും മഹാരാഷ്ട്ര സ്വദേശിയുമായ റാം ബഹദൂർ ബിസ്ത്തിനെ കാണാനില്ല. ഇയാൾക്കായി പോലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.
ഇരുവരും കഴിഞ്ഞ ഒന്നര വർഷമായി കൊച്ചിയിൽ താമസിക്കുന്നുണ്ടെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്. തിരിച്ചറിയൽ രേഖ വ്യാജമാണെന്ന് വ്യക്തമായതോടെ ഇവരുടെയും യഥാർഥ വിവരങ്ങൾക്കായി പോലീസ് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ച വീട്ടിൽനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുടമയായ സ്ത്രീ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. എറണാകുളം സൗത്ത് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ബാഗിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം ആദ്യം തുണിയിൽ പൊതിഞ്ഞ് പിന്നീട് പുതപ്പിലും പ്ലാസ്റ്റിക് ബാഗിൽ വീണ്ടും പുതപ്പിലും പൊതിഞ്ഞ് ശേഷമാണ് പ്ലാസ്റ്റിക് ബാഗിലാക്കിയിരിക്കുന്നത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും അഴുകിയ അവസ്ഥയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സ്ത്രീക്കൊപ്പം താമസിച്ചിരുന്ന പ്രതിയെന്ന് കരുതുന്ന റാം ബഹാദൂർ നാടുവിട്ടിരിക്കാം എന്ന അനുമാനത്തിലാണ് പോലീസ്. ഹെയർ ഫിക്സിംഗ് ജോലി ചെയ്തിരുന്ന റാം ബഹാദൂർ ഏകദേശം 10 വർഷത്തോളമായി പനന്പള്ളി നഗർ ഭാഗത്ത് താമസിച്ചു വരികയായിരുന്നു. രണ്ടുവർഷം മുന്പ് പനന്പിള്ളി നഗറിൽ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് ഹെയർ ഫിക്സിംഗ് സ്ഥാപനം നടത്തുകയായിരുന്നു.
ഇവർ താമസിച്ചിരുന്ന ഇരുനില വീടിന്റെ മുകൾ നിലയിൽ ഒരു ഭാഗത്ത് പശ്ചിമ ബംഗാൾ സ്വദേശികളും മറ്റൊരു ഭാഗത്ത് തമിഴ്നാട് സ്വദേശികളായ കുടുംബവുമാണ് താമസിക്കുന്നത്. തമിഴ്നാട് സ്വദേശികൾ ദീപാവലിക്ക് നാട്ടിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ മുകളിൽ റൂഫ് ഇട്ടിരിക്കുന്ന ഭാഗത്ത് ഇരുന്പനം സ്വദേശി കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്.
കഴിഞ്ഞ 19-നാണ് കൊല്ലപ്പെട്ട സ്ത്രീയെ പരിസരവാസികൾ അവസാനമായി കണ്ടത്. ഇവരെ പിന്നീട് കാണാതായപ്പോൾ നാട്ടിൽ പോയിരിക്കാം എന്നാണ് കരുതിയത്.
ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Leave A Comment