ജില്ലാ വാർത്ത

പ്രായാധിക്യത്തിലും സ്വാതന്ത്ര്യ സമരകാലം ഓര്‍ത്തെടുത്ത് പൗലോ പൈലി

മഞ്ഞപ്ര : പ്രായാധിക്യത്തിലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത സമയത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മഞ്ഞപ്ര മേക്കാടന്‍ വീട്ടില്‍ പൗലോ പൈലി. ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ് വാര്‍ഷികത്തോട് അനുബന്ധിച്ച്  സ്വാതന്ത്ര്യ സമര സേനാനികളെ വീടുകളില്‍ ചെന്ന് ആദരിക്കുന്ന ചടങ്ങിലാണ് തൊണ്ണൂറ്റാറുകാരനായ പൗലോ തന്റെ അനുഭവങ്ങളെക്കുറിച്ചു വാചാലനായത്.

  അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ മഞ്ഞപ്രയിലെ വീട്ടിലെത്തി പൗലോ പൈലിയെ അംഗവസ്ത്രവും ഷാളും അണിയിച്ച് ആദരിച്ചു.
മഞ്ഞപ്ര സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരിക്കെയാണു പൗലോ പൈലി ആദ്യമായി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത്.  സമരത്തില്‍ പങ്കെടുത്തത്തിനു ചൂരലിന് അടി കിട്ടിയത് അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതും  ഗാന്ധിജി ആലുവയില്‍ സന്ദര്‍ശനം നടത്തിയതും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഒളിവില്‍ കഴിഞ്ഞതും അദ്ദേഹം ഓര്‍ത്തെടുത്തു.

 മഞ്ഞപ്ര പഞ്ചായത്തില്‍ മേരിഗിരിയില്‍ ഭാര്യ മേരിയോടൊപ്പമാണ് താമസം. ഏഴ് മക്കളാണ് ഇവര്‍ക്കുള്ളത്. പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും വളരെ ഉത്സാഹത്തോടെയാണ് അദ്ദേഹം പഴയ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്. ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ് വാര്‍ഷികത്തോട് അനുബന്ധിച്ച് ഇത്തരത്തിലൊരു ആദരവ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹവും കുടുംബാംഗങ്ങളും പറഞ്ഞു.

  മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോന്‍സാ ഷാജന്‍, ആലുവ തഹസില്‍ദാര്‍ സുനില്‍ മാത്യു,  മഞ്ഞപ്ര വില്ലേജ് ഓഫീസര്‍  കെ.വി ബിജു, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Leave A Comment