ജില്ലാ വാർത്ത

നടന്നുതാണ്ടിയത് 400ല്‍പ്പരം കിലോമീറ്റർ, അതിശയിപ്പിച്ച ചെറുപ്പക്കാരൻ

പത്തനംതിട്ട: ഇത് ഒരു പക്ഷേ, അവിശ്വസനീയമെന്ന് തോന്നാം. സോഷ്യൽ മീഡിയ ഉൾപ്പെടെ വാർത്താവിനിമയ സാങ്കേതികവിദ്യകൾ ഇത്രയും വളർന്ന ഈ കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത അനിൽ എന്ന ചെറുപ്പക്കാരന്‍ 400ൽ പരം കിലോമീറ്റർ നടന്നുതാണ്ടി വീട്ടില്‍ തിരിച്ചെത്തിയത് അത്ഭുതമെന്ന് വേണമെങ്കിൽ പറയാം.

സംഭവം ഇങ്ങനെ:

ചെന്നീര്‍ക്കര പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മൈലനില്‍ക്കുന്നതില്‍ എ.കെ. അനില്‍ (42) ഡിസംബര്‍ ഒന്നിനാണ് സഹോദരി ഉഷ, ഭാര്യ രാജി, മകള്‍ അഞ്ജു എന്നിവരെയും കൂട്ടി ആന്ധ്രാപ്രദേശിലെ ഗുണ്ടുക്കലിലേക്ക് പോയത്. ഉഷയുടെ മകള്‍ക്ക് നഴ്സിങ് അഡ്‌മിഷന്‍ എടുക്കുന്നതിന് വേണ്ടിയായിരുന്നു യാത്ര. സാമ്പത്തികം കുറവായതിനാല്‍ ട്രെയിനിന്റെ ലോക്കല്‍ കമ്പാർട്ട്മെൻ്റിൽ ആയിരുന്നു യാത്ര. ഡിസംബര്‍ മൂന്നിന് ഇവര്‍ തിരികെ മടങ്ങി. ട്രെയിനില്‍ സീറ്റ് കിട്ടിയ കമ്പാർട്ട്മെൻ്റിൽ ഭാര്യയെയും മകളെയും സഹോദരിയെയും കയറ്റി ഇരുത്തി. അനില്‍ തൊട്ടടുത്ത കമ്പാർട്ട്മെൻ്റിൽ കയറി. പണമോ മൊബൈല്‍ ഫോണോ ഒന്നും അനിലിന്റെ കൈവശം ഉണ്ടായിരുന്നില്ല. ട്രെയിന്‍ രാത്രി ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ അനില്‍ ഒന്നിറങ്ങിയതാണ്. തിരികെ കയറാന്‍ നോക്കുമ്പോ ട്രെയിന്‍ വിട്ടു പോയിരുന്നു.

ആകെ പകച്ചു പോയി. കൈയില്‍ അഞ്ചു പൈസയില്ല. മൊബൈല്‍ ഫോണില്ല. ആരുടെയും നമ്പർ കാണാതെ അറിയില്ല. അറിയാത്ത നാട്, ഭാഷ. അപ്പോള്‍ ഒന്നും തോന്നിയില്ല. സ്റ്റേഷന് പുറത്തേക്കിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു. എന്തു ചെയ്യണമെന്ന് ഒരൂഹവും ഉണ്ടായിരുന്നില്ല. നാലാം തീയതി രാവിലെ നടന്ന് നടന്ന് ഒരു ടൗണില്‍ എത്തി. അത് ആന്ധ്രയാണോ കര്‍ണാടകയാണോ എന്നൊന്നും അനിലിന് അറിയില്ല. വഴിയില്‍ കണ്ട പ്രഭാത സവാരിക്കാരോട് പൊലീസ് സ്റ്റേഷന്‍ അന്വേഷിച്ചു. അവര്‍ പറഞ്ഞ പ്രകാരം ഒരു പൊലീസ് സ്റ്റേഷനില്‍ എത്തി. അവരോടും ഒരു വിധത്തില്‍ വിവരം പറഞ്ഞു ആ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ 200 രൂപ കൊടുത്തു. ഒരു പൊലീസുകാരനെ കൂട്ടി ബസ് സ്റ്റാന്‍ഡിലേക്ക് വിട്ടു. അവിടെ നിന്ന് പാലക്കാടിന് ബസുണ്ടെന്നും അവിടെ ചെന്നാല്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കയറി പത്തനംതിട്ട എത്താമെന്നും ഇന്‍സ്പെക്ടര്‍ അറിയിച്ചു. അതിന്‍ പ്രകാരം ഒരു ബസില്‍ കയറി. പാലക്കാടിന് ടിക്കറ്റെടുത്തു. 190 രൂപ ടിക്കറ്റ് ചാര്‍ജ്. ബാക്കി 10 രൂപ പോക്കറ്റിലിട്ടു. വൈകിട്ട് മൂന്നു മണിയായപ്പോള്‍ പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ വന്നു. പിന്നെ ലോറിത്താവളം തിരക്കി നടന്നു. കണ്ടെത്താന്‍ കഴിഞ്ഞില്ല. നേരെ നടക്കാന്‍ തീരുമാനിച്ചു. ഏതായാലും കേരളത്തില്‍ വന്നുവല്ലോ? റോഡിലെ ദൂരവും സ്ഥലവും അറിയിക്കുന്ന ബോര്‍ഡുകള്‍ പിന്തുടര്‍ന്ന് നടന്നു. രാത്രിയില്‍ ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനുകളിലും വിശ്രമിച്ചു. പൈപ്പ് വെള്ളം മാത്രം കുടിച്ച്‌ യാത്ര തുടര്‍ന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള കടയില്‍ നിന്ന് കൈയിലുണ്ടായിരുന്ന 10 രൂപയ്ക്ക് ഒരു ചായ കുടിച്ചു. വീണ്ടും നടപ്പ് തുടര്‍ന്നു.

പെരുമ്പാവൂരിൽ ഒരു ക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ക്ക് അന്നദാനം കൊടുക്കുന്നത് കണ്ടു. അവിടെ കയറി വയറു നിറയെ ഭക്ഷണം കഴിച്ചു. മൂന്നാം തീയതി പകല്‍ എന്തോ കഴിച്ചതാണ്. അതിന് ശേഷം ആദ്യമായി ഭക്ഷിക്കുകയാണ്. വീണ്ടും നടന്നു. 10 ന് രാവിലെ ചെങ്ങന്നൂര്‍ വന്നു. അവിടെ നിന്ന് ആറന്മുളയിലേക്ക് നടന്നു. മാലക്കരയ്ക്ക് സമീപം വച്ച്‌ ബൈക്കില്‍ പോയ ഒരാള്‍ സംശയം തോന്നി നിര്‍ത്തി. അനില്‍ അല്ലേയെന്ന് ചോദിച്ചു. ആണെന്ന് മറുപടി കൊടുത്തു. അയാള്‍ ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഇലവുംതിട്ട പൊലീസ് തിരോധാനക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ ഇലവുംതിട്ട സ്റ്റേഷനിലെത്തി. തുടര്‍ന്ന് വൈദ്യ പരിശോധന അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

മകനെ നഷ്ടപ്പെട്ടുവെന്ന് കരുതി തീരാദുഃഖത്തില്‍ കഴിഞ്ഞിരുന്ന കുഞ്ഞുചെറുക്കനും പൊടിപ്പെണ്ണും കണ്ണീര്‍വാര്‍ത്തു. അവരുടെ ഏറ്റവും ഇളയ മകനാണ് അനില്‍. മൂത്തത് ഉഷയും രണ്ടാമത്തെ മകന്‍ സുനിലുമാണ്.

അനിലിനെ വഴിയില്‍ നഷ്ടമായ വിവരം തങ്ങള്‍ അറിഞ്ഞത് എറണാകുളത്ത് വച്ചാണെന്ന് സഹോദരി ഉഷ പറഞ്ഞു. നാലിന് രാവിലെ എറണാകുളത്ത് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ അടുത്ത കമ്പാർട്ട്മെൻ്റിൽ കയറി നോക്കിയ ഉഷയ്ക്ക് സഹോദരനെ കാണാന്‍ കഴിഞ്ഞില്ല. അയാള്‍ ഒരു സ്റ്റേഷനില്‍ ഇറങ്ങിയെന്ന് കമ്പാർട്ട്മെൻ്റിൽ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞത് തെല്ല് ആശ്വാസം നല്‍കി. ഉഷയും അനിലിന്റെ ഭാര്യ രാജിയും മകളും ചെങ്ങന്നൂരില്‍ വന്നിറങ്ങി. നേരെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞു. ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസിനെയും വിവരം അറിയിച്ചു.

Leave A Comment