കോഴിക്കോട് നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
കോഴിക്കോട്: കോഴിക്കോട് നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകർക്കും മര്‍ദനമേറ്റു. മാതൃഭൂമി ക്യാമറാമാന്, കേരള വിഷന്‍ റിപ്പോര്‍ട്ടര്‍, ക്യാമറാമാന് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടുകളിൽ നിന്നും പണം തട്ടിയ സംഭവത്തിൽ നടന്ന പ്രതിപക്ഷ പ്രതിഷേധമാണ് കൈയാങ്കളിയിലേക്ക് നീണ്ടത്.
പിഎന്‍ബി അക്കൗണ്ടിലെ തിരിമറി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നല്കിയ അടിയന്തര പ്രമേയ നോട്ടിസ് മേയര്‍ തള്ളിയിരുന്നു. തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയും 15 കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ നിശ്ചയിച്ച അജണ്ട പാസാക്കി കൗൺസിൽ പിരിഞ്ഞു.
ഇതോടെ യുഡിഎഫ് അംഗങ്ങൾ കൗണ്‍സിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി അംഗങ്ങൾ കൗണ്‍സിൽ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു. പിന്നീട് എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം മുഴക്കി. ഇതിനു ശേഷമായിരുന്നു സംഘർഷമുണ്ടായത്.
അടിയന്തര സ്വഭാവമില്ലാത്ത വിഷയമായതിനാലാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചതെന്ന് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട അന്ന് വൈകുന്നേരം തന്നെ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കോര്പ്പറേഷന് പരാതി നല്‍കിയിരുന്നു. അതിന് മുന്‍പ് പ്രതിപക്ഷം പരാതി നല്‍കിയെന്ന് മാത്രം. പിന്നീടാണ് വിഷയം വിവാദമായത്- മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Leave A Comment