ജില്ലാ വാർത്ത

അര്‍ഷാദ് ഒളിവിൽപ്പോയത് കൊലപാതകം പുറത്തറിഞ്ഞ ശേഷം, തേഞ്ഞിപ്പാലത്ത് വച്ച് ഫോൺ ഓഫായി, തിരച്ചിൽ

കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് ഒളിവില്‍ പോയത് കൊലപാതകം പുറത്തറിഞ്ഞ ശേഷം.ഇന്നലെ വൈകിട്ട് മലപ്പുറത്ത് തേഞ്ഞിപ്പാലത്തിനു സമീപമാണ് അര്‍ഷാദിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയത്. ഇയാള്‍ കോഴിക്കോടേക്ക് രക്ഷപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്.

കോഴിക്കോട് പയ്യോളി സ്വദേശിയായ ഇയാള്‍ക്കുവേണ്ടി വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് തിരച്ചില്‍ നടത്തി. കൊലപാതകം നടന്നത് 12ാം തിയതിക്കും 16ാം തിയതിക്കും ഇടയിലാണെന്നും എഫ്‌ഐആറില്‍ പറയുന്നത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമാകും കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുക.

ഇന്നലെയാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തുള്ള ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയില്‍ മലപ്പുറം സ്വദേശി സജീവ് കൃഷ്ണന്റെ (23) മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരനായ സജീവിന്റെ മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. പൈപ്പ് ഡെക്റ്റിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതിനു പിന്നാലെ ഫ്ളാറ്റില്‍ കൂടെയുണ്ടായിരുന്ന അര്‍ഷാദിനെ കാണാതായിരുന്നു.
രണ്ടുദിവസമായി സജീവിനെ ഫോണില്‍ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാര്‍ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയില്‍ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോല്‍ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയും ആയിരുന്നു.

 കൊലപാതകി എന്ന് സംശയിക്കുന്ന അര്‍ഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരന്‍ ആയിരുന്നില്ല. സ്ഥിരതാമസക്കാരന്‍ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അര്‍ഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ഷാദ് ഇവിടെ താമസിക്കാനെത്തിയത്. ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്.

ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണില്‍ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഫോണില്‍ കിട്ടിയില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിന്റെ 16 ആം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave A Comment