ജില്ലാ വാർത്ത

കെട്ടിയിട്ട 12 മത്സ്യബന്ധന ബോട്ടുകൾ ഒഴുകിപ്പോയി; തിരിച്ചെത്തിച്ച് മത്സ്യബന്ധന തൊഴിലാളികള്‍

വൈപ്പിൻ: ഫിഷിങ് ഹാർബറിൽ കെട്ടിയിട്ടിരുന്ന 12 മത്സ്യബന്ധന ബോട്ടുകൾ കെട്ട് പൊട്ടി കടലിലേക്ക് ഒഴുകി പോയി. മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പെകുന്നത് കണ്ട ഉടന്‍ തന്നെ മറ്റ് മത്സ്യബന്ധന ബോട്ടുകള്‍ ഇറക്കി ഒഴുകിപ്പോയ ബോട്ടുകളെ തിരികെ കൊണ്ടുവന്നു. വൈപ്പിന്‍ എല്‍എന്‍ജിക്ക് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാണ് സംഭവം. 

ഒരുമിച്ച് കെട്ടിയിട്ട നിലയിലായിരുന്നു മത്സബന്ധന ബോട്ടുകള്‍. ഇവയെ കുറ്റിയുമായി ബന്ധിപ്പിച്ച കയര്‍ അഴിഞ്ഞതാകും ഇവ ഒരുമിച്ച് ഒഴുകാന്‍ കാരണമെന്ന് കരുതുന്നു. ബന്ധിപ്പിച്ചിരുന്ന കുറ്റിയില്‍ നിന്നും അഴിഞ്ഞ് ഒഴുകിത്തുടങ്ങിയ മത്സ്യബന്ധന വള്ളങ്ങള്‍ പുറങ്കടലിലേക്ക് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരത്തോളം ഒഴുകിപ്പോയി. ഈ സമയമത്രയും ഇവയുടെ ഗതിനിയന്ത്രിച്ച് അധികൃതരും ഒപ്പം നിന്നു. 

ഏറെ സജീവമായ കപ്പല്‍ ചാലിലൂടെ 12 ഓളം ബോട്ടുകള്‍ ഒരുമിച്ച് ഒഴുകിപ്പോയത് ഏറെ നേരം ആശങ്ക സൃഷ്ടിച്ചു. ഹാര്‍ബറിലേക്ക് കയറിവരുന്ന മറ്റ് ബോട്ടുകള്‍ക്കോ ഷിപ്പിയാഡിലേക്ക് വരുന്ന കപ്പലുകളിലോ ഈ ബോട്ടുകള്‍ കൂട്ടിയിടിക്കാതിരിക്കാന്‍ അധികൃതര്‍ ഏറെ പാടുപെട്ടു. ബോട്ടുകള്‍ ഒഴുകി പോയെന്ന വിവരം ലഭിച്ചതിന് പുറകെ മറൈന്‍ - പൊലീസ് - നേവി - വിഭാഗങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തതിനാല്‍ വലിയ അപകടം ഒഴിവായി.

Leave A Comment