കൊച്ചി വാട്ടർമെട്രോ പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കാം
കൊച്ചി: ദ്വീപുകളെ കൊച്ചി നഗരവുമായി ബന്ധിപ്പിച്ച് ജലഗതാഗത മേഖലയെ ആധുനിക വത്കരിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വിഭാവനം ചെയ്ത വാട്ടര്‍ മെട്രോ ക്രിസ്മസിനെത്തുമെന്ന പ്രതീക്ഷ സഫലമാകില്ല. തീയതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അന്തിമ അറിയിപ്പ് ലഭിക്കാത്തതോടെ 27 ന് ആലോചിച്ച ഉദ്ഘാടനം മാറ്റി. അടുത്ത മാസം ആദ്യം കൊച്ചിക്ക് പുതുവത്സര സമ്മാനമായി വാട്ടര്‍ മെട്രോ കമ്മീഷന് ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
ഓരോരോ കാരണങ്ങള്‍ പറഞ്ഞ് പലതവണയായി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം നീട്ടുകയാണ്. പ്രധാനമന്ത്രിയുടെ സൗകര്യമായിരുന്നു ആദ്യ തടസം. ഉദ്ഘാടനത്തിനു പ്രധാനമന്ത്രി ഉണ്ടാകില്ലെന്ന് വന്നതോടെ പിന്നെ മുഖ്യമന്ത്രിയുടെ സമയത്തിനായുള്ള കാത്തിരിപ്പായി. രണ്ടു മാസത്തിനിടെ പലതവണ മുഖ്യമന്ത്രി ജില്ലയില്‍ വന്നു പോയെങ്കിലും വാട്ടര്‍മെട്രോ ഉദ്ഘാടനത്തിന് സമയം അനുവദിച്ചു നല്‍കിയില്ല.
വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്യുന്നതോടെ ആദ്യ സര്‍വീസ് എറണാകുളം-വൈപ്പിന്‍ റൂട്ടില്‍ ആരംഭിക്കും. യാത്രക്കാര്‍ ഏറെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആദ്യ സര്‍വീസിന് ഈ റൂട്ട് തെരഞ്ഞെടുക്കാന്‍ കാരണം. ഇവിടെ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ട്രയല്‍ റണ്‍ നടക്കുകയാണ്. ഇവിടേക്കുള്ള ബോട്ടുകള്‍ കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ നിന്നും നിര്‍മിച്ച് കൈമാറി. ഇരു കരകളിലും ടെര്‍മിനലിന്റെ പണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
Leave A Comment