ജില്ലാ വാർത്ത

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു കോടിയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടിയോളം രൂപ വില വരുന്ന രണ്ടു കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. യാത്രക്കാരനിൽനിന്നും വിമാനത്താവളത്തിൽ ഉപേക്ഷിച്ചനിലയിലുമാണ് സ്വർണം പിടികൂടിയത്.

ദുബായിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ കാസർഗോഡ് പള്ളിക്കരെ സ്വദേശി അർഷാദിൽ നിന്ന് 1043 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇതിന് 55,38,330 രൂപ വരും. അറൈവൽ എമിഗ്രേഷൻ കൗണ്ടറിന് സമീപത്തെ ടോയ്ലറ്റിൽ ഉപേക്ഷിച്ച നിലയിലാണ് 895 ഗ്രാം തൂക്കമുള്ള സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുളള സ്വർണം പായ്ക്കറ്റിലാക്കിയ നിലയിലായിരുന്നു.

വേർതിരിച്ചെടുത്തപ്പോൾ 39,77,190 രൂപ വരുന്ന 749 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് കണ്ടെടുത്തത്. വിദേശത്ത് നിന്നു കടത്തി കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പിടിക്കപ്പെടുമെന്ന ഭയത്താൽ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.

ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് അർഷാദിൽനിന്നു സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാലു ഗുളികകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പിടികൂടുമ്പോൾ 1165 ഗ്രാം സ്വർണം ഉണ്ടായിരുന്നെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1043 ഗ്രാം സ്വർണമാണ് ലഭിച്ചത്.

Leave A Comment