ഇന്ന് മഹാശിവരാത്രി; ആഘോഷനിറവിൽ ആലുവ
ആലുവ: കോവിഡ് മഹാമാരി സൃഷ്ടിച്ച രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം മഹാശിവരാത്രി വിപുലമായ രീതിയിൽ ആഘോഷിക്കുമ്പോൾ ഇന്ന് ഭക്തസഹസ്രങ്ങൾ പെരിയാർ തീരത്തേക്ക് ഒഴുകിയെത്തും. രാത്രി 12 ന് ആരംഭിക്കുന്ന പിതൃബലി ചടങ്ങുകളിൽ ഭാഗമാകാൻ വ്രതമെടുത്ത്, പഞ്ചാക്ഷരി മന്ത്രം ജപിച്ച് ഭക്തർ ഉറക്കമിളയ്ക്കും.
പെരിയാറിൽ മുങ്ങിക്കുളിച്ച് മണപ്പുറത്തും മറുകരയിൽ അദ്വൈതാശ്രമത്തിലുമാണ് ബലിതർപ്പണം. മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണം ഇന്ന് അർധരാത്രിയോടെ ആരംഭിക്കും. അദ്വൈതാശ്രമത്തിൽ ഇന്നു രാത്രി പത്തിന് ആരംഭിക്കും. രണ്ടിടത്തും നാളെ ഉച്ചവരെ തുടരും. കുംഭമാസത്തിലെ വാവ് 19ന് വൈകുന്നേരം നാലുമുതൽ ആയതിനാൽ അന്നു വൈകിട്ട് മുതൽ 20ന് ഉച്ചവരെയും ബലിതർപ്പണം തുടരും.
മഹാദേവ ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമികരാകും. മണപ്പുറത്ത് നടക്കുന്ന ബലിതർപ്പണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡും അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റുമാണ് സൗകര്യങ്ങളൊരുക്കുന്നത്. മണപ്പുറത്ത് നൂറോളം ബലിത്തറകളുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. സ്വാമി ഗുരുപ്രകാശം, പി.കെ. ജയന്തൻ ശാന്തി എന്നിവരാണ് അദ്വൈതാശ്രമത്തിൽ മുഖ്യകാർമികത്വം വഹിക്കുന്നത്. ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ നേതൃത്വം നൽകും.
കോവിഡ് പൊട്ടി പുറപ്പെട്ടതോടെ പാതിവഴിയിലാണ് 2020 ൽ ശിവരാത്രി വ്യാപാരമേള നിർത്തിയത്. 2021ൽ ശിവരാത്രി ബലിതർപ്പണം നടന്നില്ല. 22ൽ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും തർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു. രണ്ട് വർഷവും മണപ്പുറത്ത് വ്യാപാരമേളയോ അനുബന്ധപരിപാടികളോ ഉണ്ടായിരുന്നില്ല.
സംസ്ഥാനത്ത് ഏറ്റവും അധികം ഭക്തർ തർപ്പണത്തിനെത്തുന്നത് ആലുവയിലാണ്. റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ 2,000 പൊലീസ് സേനാംഗങ്ങൾ സുരക്ഷ ക്രമീകരണങ്ങൾക്കായി രംഗത്തുണ്ട്. നഗരസഭ, ഫയർഫോഴ്സ്, നേവി, എക്സൈസ്, കെഎസ്ഇബി, പിഡബ്ല്യുഡി, വാട്ടർ അഥോറിറ്റി, കെഎസ്ആർടിസി എന്നിവയുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്.
Leave A Comment