ജില്ലാ വാർത്ത

രോഗിയെ കാണാൻ അനുവദിച്ചില്ല; ആശുപത്രിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് എം എൽ എ

തൃശൂർ: മരുന്ന് മാറിനല്‍കിയ രോഗിയുടെ ആരോഗ്യവിവരം തിരക്കിയെത്തിയ ചാലക്കുടി എം.എല്‍.എ. സനീഷ്‌കുമാര്‍ ജോസഫിന് വിവരങ്ങള്‍ നല്‍കാത്തതിനാല്‍, ആശുപത്രിയില്‍ കുത്തിയിരുന്ന് എം.എല്‍.എ.യുടെ പ്രതിഷേധം. ഒരു ജനപ്രതിനിധയോട് ഇങ്ങിനെയാണ് മെഡിക്കല്‍ കോളജ്  അധികൃതരുടെ പെരുമാറ്റമെങ്കില്‍ സാധാരണക്കാരുടെ സ്ഥിതിയെന്താവും എന്നാലോചിക്കാവുന്നതേയുള്ളൂവെന്ന് നേതാക്കൾ.

വ്യാഴാഴ്ച വൈകീട്ട് നാലോടെ ആശുപത്രിയിലെത്തിയ എം.എല്‍.എ.യോട് ഐ.സി.യു.വില്‍ കിടക്കുന്ന രോഗിയെ കാണാന്‍ കഴിയില്ലെന്ന് ജൂനിയര്‍ ഡോക്ടര്‍ അറിയിച്ചു. എന്നാല്‍, രോഗിയുടെ ആരോഗ്യവിവരങ്ങളും മരുന്ന് മാറിനല്‍കിയ സംഭവത്തെക്കുറിച്ചും വിശദമായി അറിയാന്‍ ആശുപത്രി സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ എന്നിവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒന്നരമണിക്കൂര്‍ കാത്തിരുന്നശേഷവും മുതിര്‍ന്ന ഡോക്ടറോ അധികൃതരോ വരാനോ കാര്യങ്ങള്‍ വിശദീകരിക്കാനോ തയ്യാറായില്ല. ഒടുവില്‍ എം.എല്‍.എ.യും കൂട്ടരും ആശുപത്രിക്കു മുന്നില്‍ കുത്തിയിരിപ്പുസമരം തുടങ്ങി.

എച്ച്.ഡി.എസ്. അംഗങ്ങളായ രാജേന്ദ്രന്‍ അരങ്ങത്ത്, സി.വി. കുരിയാക്കോസ്, പി.വി. ബിജു, പി.എസ്. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും രോഗിയുടെ ബന്ധുക്കളും പങ്കെടുത്തു രാത്രി 9.30-ഓടെ പ്രിന്‍സിപ്പല്‍ ഡോ. ബി. ഷീല, ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. നിഷ എം. ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി രോഗിയുടെ വിവരങ്ങള്‍ എം.എല്‍.എ.യോട് വിശദീകരിച്ചതോടെ സമരം അവസാനിപ്പിച്ചു. ചികിത്സപ്പിഴവിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കാമെന്ന് പ്രിൻസിപ്പൽ ഉറപ്പു നൽകി.

Leave A Comment