പൂരത്തിനു കുഴഞ്ഞുവീണ് ചികിത്സ തേടിയത് 1,066 പേർ
തൃശൂർ: പൂരത്തിനു കുഴഞ്ഞുവീണ് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത് 1,066 പേർ. പൂരത്തലേന്നു മുതൽ പകൽപ്പൂരം വരെയുള്ള മൂന്നു ദിവസങ്ങളിലായാണു ഇത്രയുമാളുകൾ ചികിത്സ തേടിയത്. ഇലഞ്ഞിത്തറ മേളം നടക്കുന്പോൾ രണ്ടു മണിക്കൂറിനുള്ളിൽ 479 പേരാണു കുഴഞ്ഞു വീണത്. ആക്ട്സ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
ഇതിൽ 284 പേർക്കു കിടത്തിചികിത്സ നൽകേണ്ടി വന്നു. വിദഗ്ധ ചികിത്സയ്ക്കായി നാലുപേരെ തൃശൂർ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. പൂരം കൺട്രോൾ റൂമിനോടു ചേർന്നുള്ള മെഡിക്കൽ എയ്ഡ് പോസ്റ്റിൽ നിർജലീകരണം മൂലവും തിരക്കിൽപെട്ട് ദേഹാസ്വാസ്ഥ്യവും ചെറിയ മുറിവുകളും ചതവുകളുമായും വന്ന 223 പേർക്കു ചികിത്സ നൽകി. ഇതിൽ കിടത്തി ചികിത്സ ആവശ്യമായി വന്ന 32 പേരെ ജനറൽ ആശുപത്രിയിലേക്കു റഫർ ചെയ്തു. കൂടാതെ സ്വരാജ് റൗണ്ടിലെ അഞ്ചു മെഡിക്കൽ എയ്ഡ് പോസ്റ്റുകളിലായി 158 പേർക്കു ചികിത്സ നൽകി. 79 പേരെ ജനറൽ ആശുപത്രിയിലേക്കു മാറ്റി.
പൂരം നടക്കുന്പോഴും പകൽപ്പൂരം കഴിഞ്ഞവേളയിലും ആംബുലൻസുകൾ ചീറിപ്പായുന്നു കാണാമായിരുന്നു. സ്വരാജ് റൗണ്ടിനു മീപത്തെ ആശുപത്രികളിലും ആളുകൾ ചികിത്സതേടി എത്തിയിരുന്നു.
Leave A Comment