മാലിന്യം തള്ളൽ: എറണാകുളത്ത് കുടുങ്ങിയത് 912 പേർ, 109 വാഹനങ്ങള്‍ പിടികൂടി
കൊച്ചി: മാലിന്യപ്രശ്നം രൂക്ഷമായ ജില്ലയില്‍ പൊതുയിടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. കഴിഞ്ഞ നാലുമാസത്തിനിടെ ജില്ലയില്‍ 912 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊച്ചി സിറ്റി പരിധിയിലാണ് കേസുകളില്‍ ഭൂരിഭാഗവും- 864 കേസുകള്‍. റൂറല്‍ മേഖലയില്‍ 48 കേസുകളും. ഇതിനുപുറമേ നഗരമേഖലയില്‍ 100 വാഹനങ്ങളും റൂറലില്‍ ഒമ്പത് വാഹനങ്ങളും മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബ്രഹ്മപുരത്തെ തീപിടിത്തത്തിനു പിന്നാലെ മാലിന്യനീക്കം മന്ദഗതിയില്‍ തുടരുന്നതിനിടെ കഴിഞ്ഞമാസം മാത്രം കൊച്ചി സിറ്റി പരിധിയില്‍ 522 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 14 ദിവസത്തിനിടെ 214 കേസുകളും രജിസ്റ്റർ ചെയ്തു. ജനുവരിയില്‍ 8, ഫെബ്രുവരിയില്‍ 19, മാര്‍ച്ചില്‍ 101 എന്നിങ്ങനെയാണ് മുന്‍ മാസങ്ങളിലെ കേസുകള്‍. ജനുവരി മുതല്‍ ഇതുവരെ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഹാര്‍ബര്‍ പോലീസാണ് 110. ഏറ്റവുമധികം വാഹനങ്ങള്‍ കുടുങ്ങിയതും ഇവിടെത്തന്നെ 39. സെന്‍ട്രല്‍ പോലീസ് 91 കേസുകളെടുത്തു. നാലുവാഹനങ്ങളും പിടികൂടി. സൗത്ത് പോലീസ് 74 പേരെയാണ് മാലിന്യം തള്ളിയതിന് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. നോര്‍ത്ത് പോലീസ് 64, ഹില്‍പാലസ് പോലീസ് 63 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
സിറ്റി പരിധിയില്‍ പിടിച്ചെടുത്തവ വാഹനങ്ങളില്‍ 42 എണ്ണം തുടര്‍നടപടികളുടെ ഭാഗമായി കോടതിക്ക് കൈമാറി. റൂറല്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ആലുവ സബ് ഡിവിഷനിലെ സ്റ്റേഷനുകളിലാണ് 21. മുനമ്പം 2, പെരുമ്പാവൂര്‍ 18, മൂവാറ്റുപുഴ–5, പുത്തന്‍കുരിശ് 2 എന്നിങ്ങനെയാണ് മറ്റ് സബ് ഡിവിഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. മൂന്ന് ടാങ്കര്‍ ലോറികളും ഒരു ടോറസ് ലോറിയും രണ്ട് പിക്കപ്പ് വാനുകളും രണ്ട് ഓട്ടോറിക്ഷകളും മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തു.
Leave A Comment