ഹണിട്രാപ്പ്; വ്യാപാരിയെ കുരുക്കിയത് ചുംബനരംഗം കാട്ടി; നാലുപേർ റിമാൻഡിൽ
തലശേരി: വ്യാപാരിയായ മധ്യവയസ്കനെ ഹണിട്രാപ്പിൽപ്പെടുത്തി പണവും വാഹനവും തട്ടിയെടുത്ത സംഭവത്തിൽ ചുംബനരംഗം വാട്സാപ് സ്റ്റാറ്റസ് ആക്കിയാണ് പ്രതികൾ ഇരയെ വലയിലാക്കിയതെന്നു പോലീസ്.
കൂടുതൽപ്പേർ ഇവരുടെ വലയിൽ അകപ്പെട്ടിരുന്നുവെന്ന സൂചനകളെ തുടർന്നു തലശേരി ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കി.
സംഭവത്തിൽ അറസ്റ്റിലായ തലശേരി ചിറക്കര സ്വദേശി സി. ജിതിൻ (25), ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി വി. അശ്വതി (19), കതിരൂരിലെ കെ. സുബൈർ (33), പാനൂർ മുത്താറിപ്പീടികയിലെ ഷഫ്നാസ് (29) എന്നിവർ റിമാൻഡിലാണ്.
അശ്വതിയുടെ വാട്സാപ് സ്റ്റാറ്റസിലെ ചുംബനരംഗമാണ് വളപട്ടണം സ്വദേശിയായ പരാതിക്കാരനെ ആകർഷിച്ചതെന്നാണ് സൂചന.
അതേസമയം, സംഘത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെക്കുറിച്ചുള്ള ദുരൂഹത ഏറുകയാണ്. അശ്വതിയുടെ സുഹൃത്തു കൂടിയായ ഈ യുവതിയുടെ പങ്ക് സംബന്ധിച്ച് പോലീസ് ഊർജിതമായ അന്വേഷണമാണ് നടത്തിവരുന്നത്.
ടൗൺ പോലീസിന്റെ ശാസ്ത്രീയ നീക്കങ്ങളാണ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാൻ സാധിച്ചത്. അക്രമികൾ വ്യാപാരിയിൽനിന്നു തട്ടിയെടുത്ത കാറും പ്രതികൾ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കണ്ടെടുത്തു.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. വ്യാപാരിയെ വിളിച്ചുവരുത്തിയ സംഘം ഇയാളുടെ കാർ തട്ടിയെടുക്കുകയും മുദ്രപ്പത്രങ്ങളിൽ ഒപ്പ് ഇട്ട് വാങ്ങിയ ശേഷം മന്പറത്ത് ഇറക്കിവിടുകയുമായിരുന്നു.
ഇയാൾ തലശേരിയിലെത്തി പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. സിഐ എം.അനിൽ, എസ്ഐമാരായ സജേഷ് ജോസ്, രൂപേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Leave A Comment