കുസാറ്റില്‍ സംഘര്‍ഷം : എട്ട് കെഎസ്യു പ്രവർത്തകർ പരിക്കേറ്റ് ആശുപത്രിയിൽ
കളമശേരി: കുസാറ്റ് സ്കൂള്‍ ഓഫ് എൻജിനീയറിംഗ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യൂണിവേഴ്സിറ്റി നിര്‍ദേശ പ്രകാരം തെളിവെടുപ്പിനായി എത്തിച്ചേര്‍ന്ന കെഎസ്യു പ്രവര്‍ത്തകര്‍ക്കു നേരെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ എട്ട് കെഎസ്യു പ്രവര്‍ത്തകര്‍ക്കും രണ്ട് സര്‍വകലാശാല ജീവനക്കാര്‍ക്കും പരിക്കേറ്റു.
ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം. കലോത്സവ കാലയളവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐക്ക് എതിരേ മൊഴി നല്കാന് എത്തിയവരെയാണ് ആക്രമിച്ചത്. ബി ടെക് മുന്നും, നാലും വര്‍ഷ വിദ്യാര്‍ഥികളായ അമാന്‍ റോഷന്, മുഹമ്മദ് ജാസിര്‍, അര്‍ഷക്, നിധിന് ശ്രീനിവാസന് ,സാരംഗ്, ഇജാസ്, സോണിക്,തേജസ് എന്നീ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാരായ സിജിമോള്‍, ഗോപാലകൃഷ്ണന് എന്നിവര്‍ക്കുമാണ് പരിക്ക്.
ഇവര്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പട്ടിക കഷ്ണവും വെള്ളം നിറച്ച കുപ്പികളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്യുകയും രണ്ടു പേരുടെ റിസള്‍ട്ട് തടഞ്ഞുവയ്ക്കുകയും ചെയ്തു.
സര്‍വകലാശാല കലോത്സവം സമാപിച്ച മേയ് രണ്ടിന് രാത്രിയാണ് ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. കളമശേരി പോലീസ് കേസെടുത്തതിന്റെ അടിസ്ഥാനത്തില്‍ എട്ട് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ അന്വേഷിക്കാന്‍ സര്‍വകലാശാല ചുമതലപ്പെടുത്തി.
ചൊവ്വാഴ്ച തെളിവെടുപ്പിനായി കെ.എസ്.യു പ്രവര്‍ത്തകരെ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ വിളിച്ചു വരുത്തി ഓരോരുത്തരില്‍നിന്ന് സമിതി അംഗങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് സംഘര്‍ഷം. എസ്എഫ്ഐക്കാരെ പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹു ഗേറ്റില്‍ തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ തള്ളിനീക്കി അകത്ത് കയറുകയായിരുന്നു.
പ്രിന്‍സിപ്പല്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയതോടെ സംഘം ഓടി രക്ഷപ്പെട്ടു. അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കെഎസ്യു സര്‍വകലാശാല അഡ്മിനിസ്ട്രേറ്റ് ഓഫിസ് ഉപരോധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Leave A Comment