പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തി; കർഷകർ ആശങ്കയിൽ
വരന്തരപ്പിള്ളി: പാലപ്പിള്ളിയില്‍ മൂന്നുമാസങ്ങൾക്ക് ശേഷം കാട്ടാനകള്‍ തിരിച്ചെത്തി. വലിയകുളം, പിള്ളത്തോട് ഭാഗങ്ങളിലായി 20 ഓളം കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്.വ്യാഴാഴ്ച രാവിലെ പിള്ളത്തോട് ഭാഗത്ത് റോഡ് മുറിച്ചുകടന്ന നാല് ആനകൾ തോട്ടത്തിലേക്ക് കയറിയതായും, വലിയകുളത്ത് 15 ആനകൾ നിലയുറപ്പിച്ചതായും പാലപ്പിള്ളി റേഞ്ച് ഓഫീസർ പ്രേം ഷമീർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനക്കൂട്ടം പ്രദേശത്ത് എത്തിയത്.രാവിലെ ടാപ്പിംഗിനെത്തുന്ന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് വനപാലകർ അറിയിച്ചു.പുലർച്ചെയുള്ള ടാപ്പിംഗ് നിർത്തണമെന്നും അധികൃതർ നിർദേശിച്ചു.കഴിഞ്ഞവർഷം ഇതേ സമയത്താണ് ആനകൾ ജനവാസ മേഖലയിൽ ഇറങ്ങിയത്.പിന്നീട് പല കൂട്ടങ്ങളിലായി നൂറിലേറെ ആനകളാണ് മേഖലയിൽ എത്തിയത്. വ്യാപകമായി നാശം വിതച്ചതോടെ കുങ്കിയാനകളെ എത്തിച്ചാണ് കാട്ടാനകളെ കാടുകയറ്റിയത്.
പിള്ളത്തോട് പ്രദേശത്ത് ഇറങ്ങിയ ആനക്കൂട്ടം കള്ളായി, കുട്ടൻചിറ എന്നിവിടങ്ങളിലേക്ക് എത്താനും സാധ്യതയേറെയാണ്.കാർഷിക മേഖലയായ ഇവിടെ ആനകൾ എത്തിയാൽ വ്യാപകമായി കൃഷി നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ കർഷകർ ആശങ്കയിലാണ്.
Leave A Comment