ജില്ലാ വാർത്ത

കുതിരാനില്‍ ദേശീയപാതയിലെ വിള്ളൽ വീണ്ടും ഇടിഞ്ഞു താഴ്ന്നു

തൃശൂര്‍: കുതിരാന്‍ വഴുക്കുംപാറയില്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്നു. മണ്ണുത്തി - വടക്കുഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറയില്‍ വിള്ളലുണ്ടായ പ്രദേശത്താണ് വീണ്ടും വിള്ളല്‍ കൂടുതലായി രൂപപ്പെടുകയും ഇടിഞ്ഞു താഴുകയും ചെയ്തത്. ഏകദേശം ഒന്നരയടി താഴ്ചയിലും 10 മീറ്റര്‍ നീളത്തിലുമാണ് ഇടിഞ്ഞ് താഴ്ന്നത്. മഴ ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഏതുനിമിഷവും റോഡ് 30 അടി താഴ്ചയിലേക്ക് ഇടിഞ്ഞുപോകുവാന്‍ സാധ്യത ഏറെയാണ്.

കഴിഞ്ഞ ആഴ്ചയില്‍ വിള്ളല്‍ രൂപപ്പെട്ട സമയത്ത് കരാര്‍ കമ്പനി ജീവനക്കാരുടെ നേതൃത്വത്തില്‍ വെള്ളമിറങ്ങി റോഡ് ഇടിയാതിരിക്കുന്നതിനുവേണ്ടി സിമന്റ് പരുക്കന്‍ ഉപയോഗിച്ച് വിള്ളല്‍ അടയ്ക്കുകയും മുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശം കൂടുതല്‍ അപകടാവസ്ഥയിലായത്. സംഭവമറിഞ്ഞ പീച്ചി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിബിന്‍ ബി. നായര്‍ സ്ഥലത്തെത്തി കരാര്‍ കമ്പനി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തുരങ്കപ്പാതയില്‍നിന്നും സര്‍വീസ് റോഡിലേക്ക് പോകുന്ന പ്രദേശം കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വച്ച് അടപ്പിച്ചിരിക്കുകയാണ്.

അതേ സമയം ദേശീയപാതയില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗതാഗത സുരക്ഷ പരിഗണിച്ച് പ്രദേശത്ത് അടിയന്തരമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് പൊലീസ്. അപകടസാധ്യതയുള്ള ട്രാക്ക് അടച്ചിടും. തുടര്‍ന്ന് പാലക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെ തുരങ്കത്തില്‍നിന്നും പുറത്തിറങ്ങുന്നതോടെ പാലക്കാട് -തൃശൂര്‍ ട്രാക്കിലേക്ക് തിരിച്ചുവിടും.

Leave A Comment