ജില്ലാ വാർത്ത

ഉജ്ജ്വൽ ഭാരത് ഉജ്ജ്വൽ ഭവിഷ്യ പവർ 2047 എറണാകുളം ജില്ലയിൽ തുടക്കമായി

അങ്കമാലി : ആസാദി കാ അമൃത് മഹോത്സവ്ന്റെ ഭാഗമായി കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന  'ഉജ്ജ്വൽ ഭാരത്, ഉജ്ജ്വൽ ഭവിഷ്യ പവർ @ 2047' ആഘോഷപരിപാടിക്ക് എറണാകുളം ജില്ലയിൽ തുടക്കമായി. അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.

ഊർജ്ജ ഉൽപാദന മേഖലയിൽ മികച്ച നേട്ടവുമായാണ് രാജ്യം മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.  രാജ്യത്തിന് മാതൃക സൃഷ്ടിക്കാനും മികച്ച നേട്ടങ്ങൾ കൈവരിക്കാനും സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. വൈദ്യുതി ഉല്പാദന ശേഷി വർധിപ്പിക്കാനും, ഗ്രാമീണ മേഖലയിലെ വൈദ്യുതി ലഭ്യതയുടെ ശേഷി കൂട്ടാനും, വൈദ്യുതി മറ്റു രാജ്യങ്ങൾക്ക് കൊടുക്കാൻ കഴിഞ്ഞതും, മികച്ച മുന്നേറ്റമാണ്. ഊർജ്ജ ഉല്പ്പാദനത്തിന്  ഹരിത ഊർജ്ജം കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനുള്ള സ്ഥിതി കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഫോർട്ട് കൊച്ചി സബ് കളക്ടർ പി.വിഷ്ണുരാജ് മുഖ്യപ്രഭാഷണം നടത്തി. ഊർജ്ജ ഉൽപാദന മേഖലയിൽ സൗരോർജ്ജം, കാറ്റ് അടക്കമുള്ള ജൈവ ഊർജ്ജത്തിന്റെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് ആവശ്യമുള്ള ഊർജ്ജം നമ്മൾ തന്നെ ഉൽപാദിപ്പിച്ച് അധികം വരുന്നത് മറ്റിടങ്ങളിലേക്ക് കൊടുക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

 പരിപാടിയിൽ ഊർജ്ജ രംഗത്തെ നേട്ടങ്ങൾ കുറിക്കുന്ന വീഡിയോ പ്രദർശനവും, ലഘു നാടകങ്ങളും, ഹ്രസ്വ ചിത്രപ്രദർശനവും നടന്നു.
ഊർജ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ജനസമക്ഷം എത്തിക്കുന്നതിന്  രാജ്യത്തൊട്ടാകെ ജില്ലാതലത്തിൽ പരിപാടികൾ സംഘടിപ്പിക്കാൻ ആസൂത്രണം ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലാ തലത്തിൽ രണ്ട് പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ അടുത്ത പരിപാടി എറണാകുളം ടൗൺഹാളിൽ നാളെ നടക്കും.

 ചടങ്ങിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഒ ജോർജ്ജ്,മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി,പഞ്ചായത്ത് അംഗം ജെസ്റ്റി ദേവസിക്കുട്ടി,കെ. എസ്.ബി ഡിസ്ട്രിബ്യൂഷൻ സെന്റർ എറണാകുളം ചീഫ് എൻജിനീയർ ജെയിംസ് ജോർജ്,നോഡൽ ഓഫീസർ തോംസൺ സെബാസ്റ്റ്യൻ,ഫിസാറ്റ് പ്രിൻസിപ്പൽ ഡോ. സി.ഷീല  തുടങ്ങിയവർ സന്നിഹിതരായി.

Leave A Comment