ജില്ലാ വാർത്ത

മൂത്തകുന്നത്ത് 15 നായ്ക്കുട്ടികളെ ഉപേക്ഷിച്ച നിലയിൽ

പറവൂർ : മൂത്തകുന്നത്ത് 15 നാടൻ ഇനത്തിൽപ്പെട്ട നായ്ക്കുട്ടികളെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദേശീയപാത 66 കോട്ടപ്പുറം അപ്രോച്ച് റോഡിന്റെ അടിയിൽനിന്നും തുടങ്ങുന്ന ടി.ഐ. സർവൻ റോഡിലാണ് വ്യാഴാഴ്ച പുലർച്ചെ നായ്ക്കുട്ടികളെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. രാത്രി ആരോ ഇവയെ ഇവിടെ കൊണ്ടുവന്ന് തള്ളിയതാണെന്നു കരുതുന്നു. പുതിയ പാതയ്ക്ക് സ്ഥലമേറ്റെടുത്തപ്പോൾ പൊളിച്ചുമാറ്റിയ സ്ഥലത്താണ് നായ്ക്കുഞ്ഞുങ്ങളെ കണ്ടത്. വെയിൽ ശക്തിപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ ഇവയെ ഒരു ഡ്രമ്മിനകത്താക്കി തണലിലേക്ക് മാറ്റി. നായ്ക്കുട്ടികൾക്ക് വെള്ളവും മറ്റും നൽകി.

വിവരം വാർഡ് അംഗംകൂടിയായ പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാറിനെ അറിയിച്ചു. അവർ വിവരം ദയ അനിമൽ വെൽഫെയർ ഓർഗനൈസേഷൻ അധികൃതർക്ക് കൈമാറി. വൈകീട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നായ്ക്കുട്ടികളെ അനിമൽ വെൽഫെയർ ഓർഗനൈസേഷൻ ഭാരവാഹി പറവൂരിലെ ടി.ജെ. കൃഷ്ണൻ ഏറ്റുവാങ്ങി സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

ഒരേ നിറത്തിലും രീതിയിലുമുള്ളതാണ് കുഞ്ഞുങ്ങൾ. ഒരു പ്രസവത്തിൽ നാടൻ ഇനത്തിൽപ്പെട്ട നായ്ക്കൾക്ക് ഇത്രയേറെ കുഞ്ഞുങ്ങൾ ഉണ്ടാവുക അപൂർവമാണ്. ഇവയെ വളർത്താൻ താത്പര്യമുള്ളവർ എത്തിയാൽ കൈമാറാനും അസോസിയേഷൻ തയ്യാറാണ്.

Leave A Comment