എറണാകുളത്ത് വനിതകളുടെ രാത്രിനടത്തം
കൊച്ചി : വൈപ്പിൻകരയിലെ ബസുകളുടെ നഗര പ്രവേശത്തിനായി വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. വൈപ്പിനിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാഗിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമരം നഗരത്തിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറിൽ ഒത്തുകൂടിയ വനിതകൾ മേനക വരെയായിരുന്നു രാത്രിയിൽ നടന്നത്. നടി അന്ന ബെൻ രാത്രിനടത്തം ഫ്ളാഗ് ഓഫ് ചെയ്തു. നടി പൗളി വത്സനായിരുന്നു ജാഥാ ക്യാപ്റ്റൻ.
ജാഥയുടെ മുന്നിൽ ബസിന്റെ മാതൃക വെച്ചായിരുന്നു രാത്രിനടത്തം മുന്നേറിയത്. വൈപ്പിനിലെ ബസുകൾക്കു നഗരപ്രവേശം അനുവദിക്കേണ്ടതിന്റെ ആവശ്യം പറഞ്ഞു നടത്തിയ രാത്രിനടത്തം ജാഥാംഗങ്ങൾക്ക് ആവേശമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ എൽസി ജോർജ്, എം.ബി. ഷൈനി, പഞ്ചായത്ത് പ്രസിഡന്റുമാരായ രസികല പ്രിയരാജ്, നീതു ബിനോദ്, അസീന അബ്ദുൽ സലാം, രമണി വിജയൻ, വൈസ് പ്രസിഡന്റുമാരായ മിനി രാജു, സിനി ജയ്‌സൺ, എസ്.എൻ.ഡി.പി. വനിതാ വിഭാഗം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, ധീവരസഭ വനിതാ വിഭാഗം പ്രസിഡന്റ് ശാന്താ മുരളി തുടങ്ങിയവർ യാത്രയിൽ അണിചേർന്നു. രാത്രിനടത്തത്തിനു മുന്നോടിയായി വഞ്ചി സ്‌ക്വയറിൽ ചേർന്ന യോഗം നടൻ കൈലാഷ് ഉദ്ഘാടനം ചെയ്തു. ഫ്രാഗ് പ്രസിഡന്റ് വി.പി. സാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, കെ. ചന്ദ്രശേഖരൻ, പി.കെ. ഭാസി, കെ.കെ. രഘുരാജ്, ഡി. രാമകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.
Leave A Comment