ജില്ലാ വാർത്ത

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

കോട്ടയം: അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമയന്നൂർ പൂതിരി അയ്യൻകുന്ന് കളത്തൂർപറമ്പിൽ സുനിൽകുമാർ (52), ഭാര്യ മഞ്ജുള (48) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 8ന് ആണു സംഭവം. എൻജിനിയറിങ് വിദ്യാർഥിയായ മകൻ ദേവാനന്ദ് കൂട്ടുകാർ കൊപ്പം കളിക്കാൻ പോയിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു സംഭവം അറിയുന്നത്.

 മുൻവശത്തെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് പിന്നിലെ അടുക്കളവാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണു അമ്മ മഞ്ജുള നിലത്ത് നിശ്ചലയായി കിടക്കുന്നതും അച്ഛൻ സുനിൽകുമാർ തൂങ്ങി നിൽക്കുന്നതും ദേവാനന്ദ് കണ്ടത്. മകന്റെ നിലവിളികേട്ടാണ് അയൽവാസികളും സംഭവം അറിഞ്ഞത്. നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

 മകനെത്തുമ്പോൾ മഞ്ജുളയ്ക്ക് അനക്കമുണ്ടായിരുന്നതായി പറയുന്നു. ഇവരുടെ കഴുത്തിൽ സംശയകരമായ പാടുകൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. മഞ്ജുളയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണ് എന്നാണ് നിഗമനം. മഞ്ജുളയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സുനിൽകുമാറിന്റെ മൃതദേഹം പൊലീസ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കൊലപാതക കാരണം വ്യക്തമല്ല. സുനിൽകുമാർ തടിപ്പണിക്കാരനും മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്.

Leave A Comment