ജില്ലാ വാർത്ത

450 കോഴികളെ തെരുവുനായ്ക്കൾ കൊന്നൊടുക്കി

പറവൂർ : 450-ഓളം നാടൻ മുട്ടക്കോഴികളെ തെരുവുനായ് സംഘം കൊന്നൊടുക്കി. വടക്കേക്കര പഞ്ചായത്ത് മടപ്ലാതുരുത്ത് കടവിൽ കെ.എ. അനിൽ മുട്ടക്കോഴി കൃഷിക്കായി വീട്ടിൽ വളർത്തുന്ന കോഴികളെയാണ് രണ്ടു ദിവസങ്ങളിലായി തെരുവുനായ്ക്കൾ കൊന്നത്. വീടിനോടു ചേർന്ന 30 സെന്റ് സ്ഥലത്താണ് കൂടുകെട്ടി കോഴികളെ വളർത്തുന്നത്. ഉയരത്തിൽ മതിലും കെട്ടിയിട്ടുണ്ട്.

പകൽ കൂടിനു പുറത്ത് കോഴികളെ ഇറക്കുന്ന സമയത്താണ് മതിൽ ചാടിക്കടന്ന് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. നെറ്റുകൾ കെട്ടി സുരക്ഷിതമാക്കിയിട്ടുള്ളതിനാൽ കൂട്ടിൽ കയറി കോഴികളെ പിടിക്കുക അസാധ്യമാണ്. കോഴികളെ പുറത്തിറക്കുന്ന നേരത്താണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ വന്ന് ഇവയെ ആക്രമിച്ചത്. പഞ്ചായത്തിൽ പരാതി കൊടുത്തെങ്കിലും കൊച്ചിയിൽ ഇതു സംബന്ധമായുള്ള കമ്മിഷന് പരാതി കൊടുക്കാനാണ് പഞ്ചായത്ത് നിർദേശിച്ചതെന്ന് അനിൽ പറഞ്ഞു. കോഴിയെ വളർത്തി ഉപജീവനം നടത്തുന്ന ഇദ്ദേഹത്തിന് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. സഹകരണ ബാങ്കിൽനിന്നു വായ്പ എടുത്താണ് കോഴികളെ വളർത്തുന്നത്.

Leave A Comment