ജില്ലാ വാർത്ത

കൊടൈക്കനാലിലേക്ക് ടൂര്‍ പോയ യുവാവിനെ കാണാതായിട്ട് 40 ദിവസം; ദുരൂഹത

കാഞ്ഞാണി: കൊടൈക്കനാലിലേക്ക് സുഹൃത്തുക്കളുമൊത്ത് വിനോദയാത്ര പോയ യുവാവിനെ കാത്തുള്ള കുടുംബത്തിന്റെ കാത്തിരിപ്പ് 40 ദിവസം പിന്നിടുന്നു. കാരമുക്ക് കോലാട്ട് വീട്ടില്‍ കെ.എസ്. അനന്തുവിനെയാണ് (19) കാണാതായതായി പരാതിയുള്ളത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്. നവംബര്‍ ഒമ്പതിനാണ് അനന്തു ഉള്‍പ്പെട്ട അഞ്ചംഗ സംഘം കൊടൈക്കനാലിലേക്ക് യാത്ര തിരിച്ചത്.

10-ന് രാത്രി കൊെടെക്കനാലില്‍ വെച്ച് സുഹൃത്തുമൊത്ത് കാറില്‍ പോയതിനുശേഷം അനന്തുവിനെ ആരും കണ്ടിട്ടില്ലെന്നാണ് പറയുന്നത്. ഇവര്‍ രണ്ടുപേരും സിറ്റിയില്‍നിന്ന് അഞ്ച് കി.മീ. അകലെയുള്ള താഴ്വാരത്തേക്ക് പോയതാണെന്നും ഈ സമയം മറ്റുള്ളവര്‍ ലോഡ്ജിലായിരുന്നെന്നും പറയുന്നു.

ഇടുങ്ങിയ വഴിയില്‍ കാര്‍ കുടുങ്ങുകയും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വണ്ടികളില്‍ ഇടിക്കുകയും ചെയ്തു. കാര്‍ പിന്നോട്ടെടുത്ത് പോരാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവര്‍ കാര്‍ ഉപേക്ഷിച്ചുപോയി. ഇതിനു ശേഷം അനന്തുവിനെ കണ്ടിട്ടില്ലെന്നാണ് കൂട്ടുകാര്‍ പറയുന്നത്. പിന്നീട് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കാറുമായി നാട്ടിലേക്ക് തിരിച്ചെത്തി. കൂട്ടുകാരുടെ മറുപടിയില്‍ തൃപ്തിയില്ലാതെ വന്നതോടെ പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ അമ്മ ബിന്ദു അന്തിക്കാട് പോലീസില്‍ പരാതി നല്‍കി.

പോലീസ് രണ്ട് തവണ കൊടൈക്കനാലില്‍ പോയെങ്കിലും ഫലമൊന്നുമുണ്ടായില്ല. അനന്തുവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 9497987140, 9544904343 നമ്പറുകളിൽ ബന്ധപ്പെടുക.

Leave A Comment