അന്തര്‍ദേശീയം

ടെക് കമ്പനി മേധാവികളായ ഇന്ത്യൻ കുടുംബം അമേരിക്കയിൽ മരിച്ച നിലയിൽ

ന്യൂയോർക്: അമേരിക്കയിൽ  സമ്പന്ന ഇന്ത്യൻ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജരായ ദമ്പതിമാരായ രാകേഷ് കമൽ(57), ടീന(54) ഇവരുടെ 18വയസുള്ള മകൾ അരിയാന എന്നിവരാണ് മരിച്ചത്. ഇവരുടെ താമസസ്ഥലത്താണ് മൂന്നുപേരുടെയും മൃതദേഹം കണ്ടത്. കൊലപാതകമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാകേഷിന്റെ മൃതദേഹത്തിനടുത്ത് തോക്ക് കണ്ടെത്തിയിരുന്നു.

സമീപകാലത്തായിദമ്പതികൾക്ക് സാമ്പത്തിക പ്രശ്നമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡോവറിൽ50 ലക്ഷം ഡോളർ വിലമതിക്കുന്ന വസതിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ടീനയും ഭർത്താവും എഡുനോവ എന്ന പേരിലുള്ള വിദ്യാഭ്യാസ കമ്പനി നടത്തിയിരുന്നു. രണ്ടുദിവസമായി ഇവരെ കുറിച്ച് വിവരം ലഭിക്കാത്തതി​നെ തുടർന്ന് ബന്ധു വീട്ടിലെത്തി അ​ന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പുറത്ത്നിന്ന് ആരെങ്കിലും വന്ന് ​കൊലപ്പെടുത്തിയതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം എങ്ങനെയാണ് ഇവർ മരിച്ചതെന്ന വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.

കുടുംബത്തി​ന്റെ 50 ലക്ഷം ഡോളർ വിലമതിക്കുന്ന ആഡംബര വീട് ഒരുവർഷം മുമ്പ് ജപ്തി ചെയ്യപ്പെട്ടിരുന്നു. തുടർന്ന് വീട് 30 ലക്ഷം ഡോളറിന് വിൽക്കാൻ ദമ്പതികൾ നിർബന്ധിതരായി. രേഖകൾ പ്രകാരം ഇവർ 2019ലാണ് 40 ലക്ഷം ഡോളർ മൂല്യമുള്ള 11കിടപ്പുമുറികളുള്ള 19,000 ചതുരശ്ര അടി വരുന്ന വസതി വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി. 2016ൽ തുടങ്ങിയ എഡ്യുനോവ കമ്പനി 2021ൽ പിരിച്ചുവിട്ടു. കമ്പനിയുടെ ചീഫ് ഓപറേറ്റിങ് ഓഫിസറായിരുന്നു ടീന. ഡൽഹി യൂനിവേഴ്സിറ്റിയിലും ഹാർവാർഡ് യൂനിവേഴ്സിറ്റിയിലുമാണ് ടീന പഠിച്ചത്.

രാകേഷ് ബോസ്റ്റൺ യൂനിവേഴ്സിറ്റി, എം.ഐ.ടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്റ്, സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠിച്ചത്. എഡ്യുനോവയി​ലെത്തും മുമ്പ് രാകേഷ് നിരവധി വിദ്യാഭ്യാസ കൺസൽട്ടിങ് മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2021ൽ കമ്പനി പാപ്പരായി എന്നു കാണിച്ച് ദമ്പതികൾ ഹരജി നൽകിയിരുന്നു. എന്നാൽ മതിയായ രേഖകളില്ലാത്തതിനാൽ കേസ് തള്ളുകയായിരുന്നു. 

അമേരിക്കൻ റെഡ്ക്രോസിന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു ടീന. ദമ്പതികളുടെ മകളായ അരിയാന വെർമോണ്ടിലെ മിഡിൽബറി കോളജിലെ വിദ്യാർഥിനിയായിരുന്നു.

Leave A Comment