അധികാരമേറ്റ് ചാൾസ്; ബ്രിട്ടണിൽ പുതുയുഗം
ലണ്ടൻ: ബ്രിട്ടീഷ് രാജ്യാധികാരം ഏറ്റെടുത്ത് ചാൾസ് മൂന്നാമൻ. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന ആഘോഷപൂർവമായ ചടങ്ങിൽ കാന്റർബറി ആർച്ച്ബിഷപ്പിൽ നിന്ന് ചാൾസ് അധികാരം ഏറ്റുവാങ്ങി. 1953-ന് ശേഷം ബ്രിട്ടണിൽ നടന്ന ആദ്യ കിരീടധാരണ ചടങ്ങിൽ ചാൾസിന്റെ പത്നി കാമിലയും അധികാരമേറ്റു.
ആർച്ച്ബിഷപ് നേതൃത്വം നൽകിയ ചടങ്ങിൽ, ചാൾസിനോട് വിധേയത്വം പ്രഖ്യാപിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. തുടർന്നാണ് കിരീടധാരണം നടത്തിയത്. 2.23 കിലോഗ്രാം ഭാരമുള്ള, 360 വർഷം പഴക്കമുള്ള ‘എഡ്വേർഡ് രാജാവിന്റെ കിരീടം’ ആണ് അണിഞ്ഞത്. തുടർന്ന് ആർച്ച്ബിഷപ്പും രാജാവിന്റെ അനന്തരാവകാശികളും പ്രഭുക്കന്മാരും മുട്ടുകുത്തി ചാൾസിനോട് വിധേയത്വം പ്രഖ്യാപിച്ചു.
തുടർന്ന് എഡ്വേർഡ് രാജാവിന്റെ സിംഹാസനം എന്നറിയപ്പെടുന്ന 1300 വർഷം പഴക്കമുള്ള ഇരിപ്പിടത്തിൽ ഇരുന്ന ചാൾസിന്റെ ശിരസിൽ ആർച്ച്ബിഷപ്പ് തൈലാഭിഷേകം നടത്തി. പ്രധാനമന്ത്രി ഋഷി സുനാക് ചടങ്ങിൽ ബൈബിൾ വായിച്ചു.
രാഷ്ട്രത്തലവന്മാരും രാജപ്രതിനിധികളും അടക്കം 2,300 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യയിൽനിന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും പത്നി സുധേഷ് ധൻകറും അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
Leave A Comment