അന്തര്‍ദേശീയം

ഒരു ദൈവവും മേല്‍ജാതിയില്‍പ്പെട്ടവരല്ല, പിന്നെന്തിന് ഈ വിവേചനമെന്ന് ജെഎൻയു വിസി

ന്യൂഡൽഹി:നരവംശശാസ്ത്രം അനുസരിച്ച്‌ ദൈവങ്ങള്‍ മേല്‍ജാതിയില്‍പ്പെട്ടവരല്ലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്.ഭഗവാന്‍ ശിവന്‍ പട്ടിക ജാതിയിലോ പട്ടികവര്‍ഗത്തിലോ പെട്ടയാളാകാമെന്നും അവര്‍ പറഞ്ഞു.

ബി ആര്‍ അംബേദ്കര്‍ പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശാന്തിശ്രീ. പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ഒന്‍പത് വയസുകാരനായ ദലിത് കുട്ടിയെ അടിച്ചുകൊന്നത് പരാമര്‍ശിച്ച്‌ കൊണ്ടാണ് ദൈവങ്ങള്‍ മേല്‍ജാതിയില്‍പ്പെട്ടവരല്ലെന്ന് ശാന്തിശ്രീ പറഞ്ഞത്.

നരവംശശാസ്ത്രം അനുസരിച്ച്‌ ദൈവങ്ങളുടെ ആവിര്‍ഭാവം മനസിലാക്കണം. ഒരു ദൈവവും ബ്രാഹ്മണനല്ല. പരമാവധി ക്ഷത്രിയന്‍ വരെ മാത്രമേ ആയിട്ടുള്ളൂ. ഭഗവാന്‍ ശിവന്‍ പട്ടിക ജാതിയിലോ പട്ടിക വര്‍ഗത്തിലോ പെട്ടയാളാകാം. ശ്മശാനത്തിലാണ് ശിവന്‍ ഇരിക്കുന്നത്. കഴുത്തില്‍ പാമ്പുമായാണ് അദ്ദേഹം ഇരിക്കുന്നത്. ചുരുക്കം വസ്ത്രം മാത്രമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ഒരു ബ്രാഹ്മണന്‍ ശ്മശാനത്തില്‍ ഇരിക്കുമെന്ന് തനിക്ക് ചിന്തിക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

‘മനുസ്മൃതി അനുസരിച്ച്‌ എല്ലാം സ്ത്രീകളും ശൂദ്ര വിഭാഗത്തില്‍പ്പെട്ടവരാണ്. അതിനാല്‍ ഒരു സ്ത്രീക്കും ഞാന്‍ ബ്രാഹ്മണനാണ് എന്ന് അവകാശപ്പെടാന്‍ സാധിക്കില്ല. കല്യാണത്തിന് ശേഷം മാത്രമേ ഭര്‍ത്താവിന്റെ ജാതി ലഭിക്കുകയുള്ളൂ. ഏറ്റവും പിന്തിരിപ്പനായിട്ടുള്ള കാര്യങ്ങളാണ് മനുസ്മൃതിയില്‍ എഴുതിവച്ചിരിക്കുന്നത്’- അവര്‍ വിമര്‍ശിച്ചു.

ദേവിമാരായ ലക്ഷ്മിയും ശക്തിയും മേല്‍ജാതിയില്‍പ്പെട്ടവരല്ല. പിന്നെ എന്തിനാണ് ഈ വിവേചനം? ഇത് തീര്‍ത്തും മനുഷ്യത്വമില്ലാത്തതാണ്. അംബ്ദേകറിന്റെ വാക്കുകള്‍ക്ക് ഇവിടെയാണ് പ്രസക്തി വരുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് അനുസരിച്ച്‌ മാറ്റം കൊണ്ടുവരാന്‍ സാധിക്കണം. ആധുനിക ഇന്ത്യയില്‍ മികച്ച ചിന്തകനായ അംബേദ്കറിനെ പോലെയുള്ള ഒരു നേതാവില്ല. ഹിന്ദുമതം ഒരു മതമല്ല. ഒരു ജീവിതരീതിയാണെന്നും അവര്‍ പറഞ്ഞു.

Leave A Comment