അന്തര്‍ദേശീയം

കരയുദ്ധം ഏത് നിമിഷവും; ഗാസ അതിർത്തിയിൽ ആയിരക്കണക്കിന് സൈനികർ

ടെൽഅവീവ് : ഇസ്രയേൽ-ഹമാസ് സംഘ‍ര്‍ഷം അഞ്ചാം ദിവസം കരയുദ്ധത്തിലേക്ക്. ഏത് നിമിഷവും അതി‍ർത്തിയിൽ കരയുദ്ധം ആരംഭിച്ചേക്കാം. ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിര്‍ത്തിയിലും ലെബനൻ അതിർത്തിയിലുമായി ഇസ്രയേൽ വിന്യസിച്ചിട്ടുള്ളത്. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധമെന്നാണ് ഇസ്രയേൽ പ്രഖ്യാപനം. 

തങ്ങളുടെ രാജ്യത്ത് കടന്നുകയറി ആക്രമണം നടത്തിയ ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന നിലപാടിലാണ് ഇസ്രയേൽ. ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലട്ട്  പ്രഖ്യാപിച്ചു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കാൻ മുഖ്യ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവും വ്യക്തമാക്കി. ''ഹമാസ് ഇത് തുടങ്ങിവെച്ചു, എന്നാൽ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാർക്ക് റജവ് പ്രഖ്യാപിച്ചത്. 

ഇസ്രയേൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചർച്ച തുടങ്ങിയതായി അമേരിക്ക വ്യക്തമാക്കി. സിറിയയിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി. ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ 123 സൈനികർ അടക്കം 1200 പേരും ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രയേൽ വ്യോമസേനയുടെ ബോംബാംക്രമണം തുടരുകയാണ്.

Leave A Comment