അന്തര്‍ദേശീയം

വടക്കൻ ഗാസയിൽ നാലുമണിക്കൂർ വെടിനിർത്താൻ ഇസ്രായേൽ

ഗാസ: വടക്കന്‍ ഗാസയില്‍ ദിവസത്തില്‍ നാല് മണിക്കൂര്‍ വെടിനിര്‍ത്താന്‍ ഇസ്രയേല്‍ തീരുമാനം. പലായനം ചെയ്യുന്നവര്‍ക്ക് സുരക്ഷിത വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10,800 ആയി.

ഇസ്രയേല്‍-ഹമാസ് യുദ്ധം ഒരുമാസത്തിലധികം പിന്നിടുമ്പോഴാണ് അല്പാശ്വാസം എന്നോണം താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ദിവസവും നാല് മണിക്കൂര്‍ ആക്രമണം നിര്‍ത്തിവയ്ക്കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചത്. വടക്കന്‍ ഗാസയിലുള്ള ജനങ്ങള്‍ക്ക് തെക്കന്‍ ഗാസയിലേക്ക് സുരക്ഷിതമായി മാറുന്നതിനായാണ് നടപടി. ആളുകള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ മാനുഷിക ഇടനാഴി ഒരുക്കുമെന്നും ഈ പ്രദേശത്ത് സൈനിക നടപടി ഉണ്ടാകില്ലെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അറിയിച്ചു. 

ഇസ്രയേലിന്റെ നാല് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള നടപടിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. അതേസമയം ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10,000 കടന്നു. രോഗികളടക്കം ആയിരങ്ങള്‍ കഴിയുന്ന അല്‍ ഷിഫ ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേല്‍ സൈന്യം നീങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രി കേന്ദ്രീകരിച്ച് ഹമാസ് കമാന്‍ഡര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതായാണ് ഇസ്രയേല്‍ ആരോപണം.

Leave A Comment