കളമശ്ശേരിയിൽ വെള്ളക്കരമായി ഒഴുകിപ്പോകുന്നത് ലക്ഷങ്ങൾ; നടപടി എടുക്കാതെ അധികൃതർ
കളമശ്ശേരി : കളമശ്ശേരി നഗരസഭാ പ്രദേശത്ത് അനാവശ്യമായി പൊതുടാപ്പിൽനിന്ന് എടുക്കുന്ന വെള്ളത്തിന് കരമായി നഗരസഭ ഒഴുക്കുന്നത് ലക്ഷക്കണക്കിന് രൂപ. ഇതിനായി നഗരസഭ ഒരുവർഷം ചെലവഴിക്കുന്നത് 21 ലക്ഷത്തിലേറെ രൂപ.
ജനങ്ങൾക്ക് കുടിവെള്ളമെടുക്കുന്നതിനായി നഗരസഭാ റോഡുകളിൽ പൊതു ടാപ്പുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, വീടുകളിലേക്ക് ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ എത്തിയതോടെ മിക്ക പൊതുടാപ്പുകളിൽനിന്നും ജനങ്ങൾ കുടിവെള്ളം എടുക്കാതെയായി. ഇതേത്തുടർന്ന് നഗരസഭയിലെ അനാവശ്യ പൊതുടാപ്പുകൾ ഒഴിവാക്കാൻ ജല അതോറിറ്റി ഉദ്യോഗസ്ഥർകൂടി പങ്കെടുത്ത നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിട്ടുള്ളതാണ്. എന്നാൽ നഗരസഭയിൽ ഇത് പൂർണമായി നടപ്പാക്കിയിട്ടില്ല.
നഗരസഭാ റോഡുകളിലും മറ്റു റോഡുകളിലും ആയി പൊതുജനങ്ങൾക്ക് കുടിവെള്ളം എടുക്കുന്നതിന് 292 പൊതുടാപ്പുകൾ ഉണ്ടായിരുന്നു. കൗൺസിൽ തീരുമാനത്തേത്തുടർന്ന് 42 അനാവശ്യ പൊതുടാപ്പുകൾ മാറ്റി. 250 പൊതുടാപ്പുകൾ ബാക്കിയുണ്ട്. 250 പൊതുടാപ്പുകളുടെ വെള്ളക്കരം നഗരസഭയാണ് ജല അതോറിറ്റിയിൽ അടയ്ക്കുന്നത്. പ്രതിമാസം 1,81,000 രൂപ നഗരസഭ ഇതിനായി ചെലവഴിക്കുന്നു. നഗരസഭയുടെ വടകോട് വാർഡിലാണ് ഏറ്റവുമധികം പൊതുടാപ്പുകളുള്ളത്; 16. കുറൂപ്ര വാർഡിൽ 15-ഉം എച്ച്.എം.ടി. എസ്റ്റേറ്റ് വാർഡിൽ 13-ഉം റോക്ക് വെൽ, കെ.ബി. പാർക്ക്, വട്ടേക്കുന്നം വാർഡുകളിൽ 12 വീതവും പെരിങ്ങഴ വാർഡിൽ 11-ഉം ശാന്തിനഗർ അനക്സ്, വിടാക്കുഴ വാർഡുകളിൽ പത്തുവീതവും പൊതുടാപ്പുകളുണ്ട്. വാഹനങ്ങൾ കഴുകാനും കന്നുകാലികളെ കുളിപ്പിക്കാനും വസ്ത്രങ്ങളും പാത്രങ്ങളും കഴുകാനുമാണ് ഇവ ഉപയോഗിക്കുന്നത്. ചിലയിടങ്ങളിൽ ഹോസ് വെച്ച് വീടുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കും വെള്ളമെടുക്കുന്നുണ്ട്. ചിലർ പൊതു ടാപ്പുകളിലെ വെള്ളം ഉപയോഗിച്ചാണ് സ്വകാര്യ കാറുകളും മിനിലോറികളും ഇതര വാഹനങ്ങളും കഴുകുന്നത്. കന്നുകാലികളെയും നായകളെയും കുളിപ്പിക്കുന്നതും പൊതുടാപ്പിലെ വെള്ളത്തിൽത്തന്നെ. ചെടികൾ നനയ്ക്കുന്നതും പൊതുടാപ്പിലെ വെള്ളത്തിലാണ്. അറ്റകുറ്റപ്പണി നടത്താത്തതിനാൽ ചില പൊതുടാപ്പുകളിൽ നിന്ന് വെള്ളം ചോരുന്നുണ്ട്. അപൂർവം ചിലയിടങ്ങളിൽ മാത്രം കുടിവെള്ളത്തിനായി പൊതുടാപ്പുകളെ ആശ്രയിക്കുന്നുണ്ട്.
Leave A Comment