ഇതിഹാസം ഇനി കോർട്ടിലില്ല, റോജര്‍ ഫെഡറര്‍ വിരമിച്ചു, വിതുമ്പി കരഞ്ഞ് താരം
ലണ്ടൻ:ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിച്ചു. റാഫേല്‍ നദാലിനൊപ്പം ഇറങ്ങിയ ലേവര്‍ കപ്പില്‍ തോല്‍വിയോടെയാണ് മടക്കം.ഫെഡററുടെ 24 വര്‍ഷം നീണ്ട കരിയറിന് ഇതോടെ അവസാനമായി.
ഓസ്ട്രേലിയന്‍ ടെന്നിസ് ഇതിഹാസം റോഡ് ലേവറുടെ പേരിലുള്ള ലേവര്‍ കപ്പില്‍ കൂട്ടുകാരനും ദീര്‍ഘകാര എതിരാളിയുമായ റാഫേല്‍ നദാലുമൊത്ത് ടീം യൂറോപ്പിനായി റോജര്‍ ഫെഡററിന് അവസാന മത്സരമായിരുന്നു ഇത്. ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ഫ്രാന്‍സിന്‍റെ തിയാഫോ-ജാക്സോക് സഖ്യത്തിന് മുന്നില്‍ ഇരുവരും പൊരുതി വീണു. ഇതോടെ 24 വര്‍ഷം നീണ്ട ഫെഡററുടെ ഐതിഹാസിക കരിയറിന് വിരാമമായി. കളിക്കളത്തില്‍ നിന്നുള്ള ഫെഡററുടെ എന്നന്നേക്കുമുള്ള മടക്കം കൂടിയായി ഇത്. മുന്‍കൂട്ടി അറിയാമായിരുന്നെങ്കിലും വിങ്ങലടക്കാനാവാത്ത അനേകായിരം ആരാധകര്‍ ഈ നിമിഷത്തിന് സാക്ഷികളായി. മത്സര ശേഷം നദാല്‍ പൊട്ടിക്കരഞ്ഞു.
20 ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടവുമായാണ് കളിക്കളത്തില്‍ നിന്ന് 41കാരന്‍റെ തിരിച്ചുപോക്ക്. കഴിഞ്ഞ ഒന്നര വര്‍ഷമായി കളത്തിലേക്ക് തിരിച്ചുവരാനുള്ള തീവ്ര ശ്രമത്തിലായിരുന്നു റോജര്‍ ഫെഡറര്‍. ഗ്രാന്‍സ്ലാം കളിച്ച് കളി മതിയാക്കാനായിരുന്നു ആഗ്രഹമത്രയും. എന്നാല്‍ ഈ കാലമത്രയും പരിക്ക് വില്ലനാവുകയായിരുന്നു. അങ്ങനെയാണ് ഫെഡറര്‍ ലേവര്‍ കപ്പ് തന്‍റെ അവസാന വേദിയാക്കിയത്.
Leave A Comment