കേരളം

മന്ത്രിമാരെ വേദിയിലിരുത്തി വിമർശനവുമായി ജയസൂര്യ

കൊച്ചി: കൃഷി മന്ത്രി പി. പ്രസാദിനേയും മന്ത്രി പി. രാജീവിനേയും വേദിയിൽ ഇരുത്തി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടൻ ജയസൂര്യ. കൃഷിക്കാർ അനുഭവിക്കുന്നത് ചെറിയ പ്രശ്നങ്ങൾ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ പറഞ്ഞു. സഹപ്രവർത്തകനും കർഷകനുമായ നടൻ കൃഷ്ണ പ്രസാദിന്റെ അടക്കം ദുരവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജയസൂര്യയുടെ പരാമർശം. കളമശ്ശേരിയിൽ സംഘടിപ്പിച്ച കാർഷികോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി നായകനാണെങ്കിലും അറിയുന്നത് വൈകിയായിരിക്കും. സിനിമ പരാജയപ്പെട്ടാൽ ഏറ്റവും അവസാനം അറിയുക നായകനായിരിക്കും എന്ന് പറഞ്ഞു കൊണ്ടാണ് ജയസൂര്യ കാര്യങ്ങൾ പറയുന്നത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയമാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. മന്ത്രിയെ നോക്കിത്തന്നെയായിരുന്നു വിമർശനം. ഓണത്തിന് പട്ടിണികിടക്കുന്ന മാതാപിതാക്കളെ കണ്ടാൽ എങ്ങനെയാണ് പുതുതലമുറ കൃഷിയിലേക്ക് വരിക എന്ന ചോദ്യവും ചോദിക്കുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജയസൂര്യ ആവശ്യപ്പെടുന്നുണ്ട്.

ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനമാണ് സംസ്ഥാനത്ത് ആദ്യം വേണ്ടത് എന്നും ജയസൂര്യ ആവശ്യപ്പെടുന്നുണ്ട്. താൻ ഒരു സ്ഥലത്ത് പോയപ്പോൾ അവിടെ ഫസ്റ്റ് ക്വാളിറ്റി അരി ഉണ്ടായിരുന്നു. എന്നാൽ അത് കേരളത്തിൽ വിൽക്കുന്നില്ല, പുറത്ത് കൊടുക്കുകയാണ് എന്നാണ് പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോൾ ഗുണനിലവാര പരിശോധന അടക്കമുള്ള കാര്യങ്ങൾ ഇവിടെ ഇല്ല എന്നായിരുന്നു മറുപടി എന്നും ജയസൂര്യ പറഞ്ഞു. ഗുണനിലവാര പരിശോധന ഇല്ലാത്തതുകൊണ്ട് തേർഡ് ക്വാളിറ്റി അരിയും വിഷം അടങ്ങിയ പച്ചക്കറികൾ കഴിക്കേണ്ട ഗതികേടിലാണ് നമ്മൾ ഇപ്പോൾ ഉള്ളത് എന്ന കാര്യവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

'പുതിയ തലമുറയിലുള്ള ചെറുപ്പക്കാർക്ക് വസ്ത്രത്തിൽ ചെളിപുരളുന്നത് താത്പര്യമില്ല എന്നാണ് പറഞ്ഞത്. എന്നാൽ മനസ്സിലാക്കേണ്ട കാര്യം, തിരുവോണ ദിവസം പട്ടിണികിടക്കുന്ന അച്ഛനേയും അമ്മയേയും കണ്ട് എങ്ങനെയാണ് കൃഷിയിലേക്ക് വീണ്ടും ഒരു തലമുറ വരുന്നത്. നല്ല രീതിയിൽ കാര്യങ്ങളൊക്കെ നടന്ന്, ഒരു കൃഷിക്കാരൻ ആണെന്ന അഭിമാനത്തോടെ പറയാൻ പറ്റുന്ന രീതിയിൽ അച്ഛനും അമ്മയും ഉണ്ട് എന്നത് ഉദാഹരണമായി കാണിക്കാൻ ഉണ്ടെങ്കിൽ മാത്രമേ ഒരു പുതിയ തലമുറ അതിലേക്ക് എത്തുകയുള്ളൂ. സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണം' - ജയസൂര്യ പറഞ്ഞു.

'തെറ്റിദ്ധരിക്കരുത്. ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമാണ്. ചിലപ്പോൾ ഇതെല്ലാം അങ്ങയുടെ ചെവിയിലേക്ക് എത്താൻ സമയമെടുക്കും. അതുകൊണ്ട് മാത്രമാണ് ഇത് പറഞ്ഞത്. ഇവനിതൊക്കെ അകത്തിരുന്ന് പറഞ്ഞാൽ പോരെ എന്ന് അദ്ദേഹം വിചാരിക്കും. എന്നാൽ അകത്തിരുന്ന പറയുമ്പോൾ, സാറ് കേൾക്കുന്ന ഒരുപാട് പ്രശ്നങ്ങളിൽ ഒരു പ്രശ്നം മാത്രമായി മാറും. ഇത്രയും പേരുടെ മുമ്പിൽ വെച്ച് പറയുമ്പോൾ ഗുരുതരമായിത്തന്നെ വിഷയത്തെ എടുക്കും എന്ന് വിശ്വസിച്ചു കൊണ്ടാണ് ഇത് പറയുന്നത്'- ജയസൂര്യ പറഞ്ഞു.

Leave A Comment