കേരളം

പ്രതിപക്ഷ ശബ്ദം പാർലമെന്റിൽ ഉയരാൻ പാടില്ലെന്നു ഭരണകക്ഷി തീരുമാനിക്കുന്നു; മുഖ്യമന്ത്രി

കണ്ണൂർ: പ്രതിപക്ഷ ശബ്ദം പാർലമെന്റിൽ ഉയരാൻ പാടില്ലെന്നു ഭരണകക്ഷി തീരുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പെരളശ്ശേരിയിൽ ഇഎംഎസ്, എകെജി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പാർലമെന്ററി ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ജനാധിപത്യ ത്തെ ആട്ടിമറിക്കാൻ സാധ്യമായതൊക്കെ ചെയ്യുന്ന സർക്കാറായി കേന്ദ്രസർക്കാർ മാറിയെന്ന വിമർശനവും മുഖ്യമന്ത്രി നടത്തി. കേന്ദ്രസർക്കാർ രാജ്യത്തെ ഭരണഘടനാ സ്ഥാനങ്ങളെ കൈപ്പിടിയിൽ ഒതുക്കുകയാണ്. എല്ലാം ആർഎസ്എസിന്റെ കൈയിൽ ഒതുങ്ങണമെന്നാണ് അവർ ചിന്തിക്കുന്നത്. ജുഡീഷ്യറിയ്ക്ക് സ്വാതന്ത്ര സ്വഭാവം പാടില്ലെന്നും തങ്ങൾക്ക് അലോസരം ഉണ്ടാകാൻ പാടില്ലെന്നതുമാണ് ആർഎസ്എസിന്റെ നിലപാട്. പരമോന്നത കോടതിക്ക് പോലും പരസ്യമായി കാര്യങ്ങൾ പറയേണ്ടി വരുന്നുവെന്നും പിണറായി പറഞ്ഞു.

പാർലമെന്റിനെ കേന്ദ്രം ഭരിക്കുന്ന ബിജെപി നോക്കുകുത്തിയാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ഒരു സീറ്റ് കിട്ടാൻ വേണ്ടി ജനസംഘമായ കാലം മുതൽ കളി തുടങ്ങിയതാണ്. ഒരു ബിജെപി നേതാവ് നിയമ സഭയിൽ വരുന്നത് 2016 ലാണ്. ചരിത്രം മറക്കരുത്. നാണംകെട്ട സംഭവമാണെങ്കിലും അത് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സീറ്റ്‌ നഷ്ടപ്പെട്ടതിൽ ബിജെപിക്കു വിഷമമുണ്ടാകും. ജനങ്ങളോടൊപ്പം അല്ല ബിജെപി. ജനങ്ങളെ ഉപദ്രവിക്കുന്ന നടപടി ആയതിനാൽ ബിജെപി ക്കു എതിരെ ജനരോഷം ഉയരുന്നു. സംസ്ഥാനത്തെ കേന്ദ്രം കടുത്ത രീതിയിൽ അവഗണിക്കുകയാണ്. സംസ്ഥാന സർക്കാരിനെ എങ്ങിനെ അസ്ഥിരപ്പെടുത്താമെന്നാണ് കേന്ദ്രം നോക്കുന്നത്. 

എന്താണ് കേരളത്തിലെ പ്രതിപക്ഷത്തിന് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പിന്നീട് ചോദിച്ചു. ബ്രഹ്മപുരം അടിയന്തര പ്രമേയമായി വന്നു. തദ്ദേശ മന്ത്രി മറുപടിയും പറഞ്ഞു. നിയമസഭയിൽ അതിന്റെതായ നടപടി ക്രമങ്ങൾ ഉണ്ട്. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചു കയറി. എന്താണ് ഇതിന്റെ ഒക്കെ അർത്ഥം? പ്രതിപക്ഷ മുദ്രാവാക്യത്തെ പറ്റി താൻ പറയുന്നില്ല. അത് അവരുടെ സംസ്കാരം. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം അവസാന വാക്കിൽ എത്തിയപ്പോഴാണ് പ്രതിഷേധം ഉണ്ടായത്. 

അടിയന്തര പ്രമേയത്തിന് അനുമതി ഉണ്ടോയെന്ന് സ്പീക്കർക്ക് പറയാൻ അവസരം നൽകിയില്ല. ഇതാണ് സഭയിൽ ഉണ്ടായത്. സമാന്തര സഭ, സ്പീക്കറുടെ മുഖം മറക്കുന്നതുമൊക്കെ പാർലമെന്ററി കീഴ്‌വഴക്കമാണോ? സമവായ ശ്രമം ആണ് ഭരണപക്ഷം നടത്തിയത്. ഭരണ പക്ഷം പ്രകോപനം ഉണ്ടാക്കിയില്ല. വാച് ആൻഡ് വാർഡിന് നേരെ ക്രൂരമായ ആക്രമണം അരങ്ങേറിയെന്ന പരാതി വന്നു. മര്യാദയോടെ അല്ലാത്ത പെരുമാറ്റം നേരിടേണ്ടി വന്ന യുവതികളായ വാച് ആൻഡ് വാർഡുണ്ട്. 

നമ്മുടെ നാടിനൊരു സംസ്കാരമുണ്ട്. അതിനു വിരുദ്ധമായാണ് പ്രതിപക്ഷം പ്രവർത്തിച്ചത്. എങ്ങോട്ടാണ് പ്രതിപക്ഷത്തിന്റെ പോക്ക്? അമർഷവും രോഷവും സ്വഭാവികമല്ലേ? അവരുടെ ഔദ്യോഗിക കൃത്യം തടപ്പെടുത്തിയാൽ സ്വാഭാവിക നടപടി വരില്ലേ? ഇതാണോ സഭാ രീതി? സഭയിൽ സ്വീകരിക്കേണ്ടത് സഭ്യമായ രീതി? സഭ്യമല്ലാത്ത രീതിയാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Leave A Comment