കേരളം

സുധാകരനെതിരെ മൊഴി നല്‍കാന്‍ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി; മോന്‍സന്റെ പരാതി

കൊച്ചി: കെ.സുധാകരനെതിരെ മൊഴി നല്‍കാന്‍ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് കാട്ടി മോന്‍സന്‍ മാവുങ്കല്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പരാതി നല്‍കി. പോക്‌സോ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെയാണ് പരാതി.

പോക്‌സോ കേസിലെ വിധി പറഞ്ഞ ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വച്ച് വാഹനം നിര്‍ത്തിയ ശേഷം ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സമയത്ത് സുധാകരന്‍ അവിടെയുണ്ടായിരുന്നെന്ന് പറയാന്‍ ഡിവൈഎസ്പി നിര്‍ബന്ധിച്ചു.

സുധാകരന്‍ തന്‍റെ കൈയിൽനിന്ന് 25 ലക്ഷം വാങ്ങിയെന്ന് മൊഴി നല്‍കാനും ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതെ വന്നപ്പോള്‍ കൈയിലുള്ള പിസ്റ്റള്‍ ഉപയോഗിച്ച് തല അടിച്ച് പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി.

ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവയ്‌ക്കേണ്ടി വന്നു എന്ന് പറഞ്ഞ് കൊലപ്പെടുത്തുമെന്നും പറഞ്ഞെന്നും പരാതിയില്‍ പറയുന്നു.

നേരത്തെ കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മോന്‍സന്‍ ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നു. രേഖാമൂലം പരാതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിയ്യൂര്‍ ജയിലിലെ സൂപ്രണ്ട് വഴി മോന്‍സന്‍ പരാതി നല്‍കിയത്.

Leave A Comment