മഴു ഓങ്ങിനിൽക്കുന്നു, കഴുത്തുകാണിച്ചു കൊടുക്കരുത്: മുഖ്യമന്ത്രി
കോഴിക്കോട്: ഒരു വിഭാഗത്തിനു മാത്രമായി സംഘപരിവാറിനെ എതിർക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിനെ ഒരു സമുദായത്തിനു മാത്രമായി എതിർക്കാമെന്ന ആശയം അങ്ങേയറ്റം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ്ദ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നേരത്തെ സമ്മേളനത്തിൽ സിപിഎമ്മിനെ മുസ്ലിം ലീഗ് നേതാക്കളായ പി.കെ. ബഷീർ, പി.കെ. ഫിറോസ് എന്നിവർ വിമർശിച്ചിരുന്നു. ഇതിനു മറുപടിയായാണ് മുഖ്യമന്ത്രി സംസാരിച്ചത്.
ന്യൂനപക്ഷ സമ്മേളനത്തിനുവന്ന് സിപിഎമ്മിനെയാണോ എതിർക്കേണ്ടതെന്ന് പിണറായി ചോദിച്ചു. ഇന്ന് ഉയർന്നുവരുന്ന കാര്യങ്ങളെ ഒരു സമുദായത്തിന് മാത്രമായി എതിർക്കാൻ കഴിയുമോ? അങ്ങേയറ്റം തെറ്റായ ആശയഗതിയാണത്. സ്വയം കുഴിയിൽ ചെന്നുവീഴരുത്. മതനിരപേക്ഷതയുടെ ഭാഗമായി മാത്രമേ മതന്യൂനപക്ഷ സംരക്ഷണം ഉണ്ടാകൂ, എന്ന് ശരിയായ രീതിയിൽ മനസിലാക്കണം. എല്ലെങ്കിൽ ആപത്തിലേക്ക് ചെന്നുവീഴും.
തീവ്രചിന്താഗതി സമുദായങ്ങൾക്ക് ആപത്താണ്. മഴു ഓങ്ങിനിൽക്കുന്നുണ്ട്, അതിനു താഴപ്പോയി കഴുത്തുകാണിച്ചു കൊടുക്കരുത്. തെറ്റായ ചിന്താഗതിക്ക് മതനൂനപക്ഷത്തിലെ ചെറിയൊരു വിഭാഗം അടിപ്പെട്ടിട്ടുണ്ട്. അവരുടെ ആശയം- നമുക്ക് തന്നെ സ്വയം ശക്തിയാർജിച്ച് നേരിട്ട് കളയാം എന്നാണ്. എന്നാൽ ഈ നേരിടൽ ആത്മഹത്യാപരമായിരിക്കും. സംഘപരിവാറിനെതിരെ മതേതര കക്ഷികൾ ഒന്നിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. കുഞ്ഞാലിക്കുട്ടി വേദിയിലിരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
Leave A Comment