ക്രിസ്മസ്-ന്യൂഇയർ ബമ്പർ നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും ക്രിസ്മസ് - ന്യൂഇയർ ബമ്പർ ടിക്കറ്റുകളുടെ നറുക്കെടുപ്പും 2023ലെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു നിർവഹിക്കും. ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം ഗോർഖീഭവനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പ്രതിദിന നറുക്കെടുപ്പുകൾ തത്സമയം തന്നെ https://www.youtube.com/@ksldsm/streams എന്ന യൂട്യൂബ് അക്കൗണ്ടിൽ ലഭ്യമാകും. https://www.facebook.com/ksldsm എന്നതാണ് വകുപ്പിന്റെ ഫേസ്ബുക്ക് വിലാസം.
ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഇത്തവണത്തെ സമ്മർ ബമ്പർ 2023 ഭാഗ്യക്കുറിക്ക് ആറു പരമ്പരകളാണുണ്ടാകുക. ഒന്നാം സമ്മാനം 10 കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്കും ലഭിക്കും. ആകെ സമ്മാനങ്ങൾ കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. ആകെ 1,53,433 സമ്മാനങ്ങളാണുള്ളത്. 250 രൂപയാണു ടിക്കറ്റ് വില. നറുക്കെടുപ്പ് 2023 മാർച്ച് 23ന്.
ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ, പ്രശസ്ത അന്താരാഷ്ട്ര ഭൗമശാസ്ത്രജ്ഞൻ അശ്വിൻ ശേഖർ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ തുടങ്ങിയവരും പങ്കെടുക്കും.
Leave A Comment