കേരളം

മറ്റിടങ്ങളിൽ സർക്കാരും ഗവർണറും ഏറ്റുമുട്ടൽ, ഇവിടെ ഒത്തുതീര്‍പ്പും ഒത്തുക്കളിയും; സതീശൻ

കൊച്ചി: നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ വിമർശനം മയപ്പെടുത്തിയത് ഗവർണർ - സർക്കാർ ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ ഒപ്പമല്ലെന്നാണ് എല്ലായിപ്പോഴും പ്രതിപക്ഷം പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്നത് കൊടുക്കല്‍ വാങ്ങലുകളും ഒത്തുതീര്‍പ്പുമാണെന്നും സതീശൻ വ്യക്തമാക്കി. സര്‍ക്കാര്‍ എപ്പോഴെങ്കിലും പ്രതിക്കൂട്ടിലായാല്‍ ഉടന്‍ മുഖ്യമന്ത്രി - ഗവര്‍ണര്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടും.

 മാധ്യമങ്ങളെല്ലാം അതിന് പിന്നാലെ പോകും. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി മാത്രമാണ് ഇവര്‍ തമ്മില്‍ പോരടിക്കുന്നത്. എന്നിട്ട് എല്ലാം ഒത്തുതീര്‍പ്പാക്കും. ഒത്തുതീര്‍പ്പ് നടത്തിയാണ് സര്‍വകലാശാലകളെ ഒരു പരുവത്തിലാക്കിയത്.

 സംസ്ഥാനത്തെ സി പി എമ്മും കേന്ദ്രത്തിലെ സംഘപരിവാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ തുടര്‍ച്ചയാണ് കേരളത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം. ബി ജെ പി വിരുദ്ധ ഭരണമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി ഗവര്‍ണര്‍ ഏറ്റുമുട്ടുമ്പോള്‍ ഇവിടെ ഒത്തുതീര്‍പ്പ് മാത്രമാണ് നടക്കുന്നത്. അല്ലാതെ ഗവര്‍ണറുമായി സര്‍ക്കാരിന് പ്രത്യയശാസ്ത്രപരമായ തര്‍ക്കവുമില്ല. അതുകൊണ്ട് കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയുള്ള നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ക്ക് നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Leave A Comment