കേരളം

കെട്ടിച്ചമച്ചുണ്ടാക്കിയ സാക്ഷികളെന്ന കെകെ രമയുടെ ആരോപണത്തിൽ ചൊടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : അട്ടപ്പാടി മധു കൊലക്കേസ് നാടിന്‍റെ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. കേസിലെ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. സാക്ഷികൾക്കും പ്രോസിക്യൂഷനും എല്ലാ സഹായവും പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകൻ മധുവിന്‍റെ അമ്മയോട് ഭീഷണി സ്വരത്തിൽ സംസാരിച്ചു എന്ന് പ്രതിപക്ഷ അംഗം പറയുന്നത് ശരിയാണ്.

കോടതിയും ഇക്കാര്യം ശരി വെച്ചിട്ടുണ്ടെന്നും നടപടി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മധു ഈ നാടിൻറെ മുന്നിലുള്ള ഏറ്റവും ഗൗരവതരമായ പ്രശ്നം ആണ്. ഒരു അലംഭാവവും പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎൽഎമാരായ എ പി അനിൽകുമാർ,ഉമ തോമസ്, കെ കെ രമ എന്നിവരാണ് മധു കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചത്. ഇതിൽ കെ കെ രമയുടെ ചോദ്യം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. മധു കൊലക്കേസിൽ പോലീസുകാരുടെ പങ്ക് മറച്ചുവയ്ക്കുന്നതിന് കെട്ടിച്ചമച്ചുണ്ടാക്കിയ സാക്ഷികളാണ് കൂറുമാറിയത് എന്ന് കെ കെ രമ പറഞ്ഞു. ഇത് പ്രത്യേകമായിട്ടുള്ള ആരോപണം ആണെന്നും ഇതുവരെ ഇങ്ങനെ ഒരു ആരോപണം ആരും ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികൾ യഥാർഥ പ്രതികളല്ലെന്ന് നാട്ടുകാർ പോലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെകെ രമയുടെ ആരോപണം തെറ്റിദ്ധാരണ കൊണ്ടാണോ അതോ മനപൂർവം പ്രതികളെ രക്ഷിക്കാനാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. അന്വേഷണം വഴി തെറ്റിക്കാനാണോ ഇത്തരം പരാമർശമെന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം വാളയാർ കേസിനുണ്ടായ ഗതികേട് മധു കേസിന് ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മധു കൊല കേസിൽ പോലീസിന്‍റേയും സർക്കാരിന്‍റേയും ഭാഗത്ത് ഗുരുതര വീഴ്ചകൾ ഉണ്ടായി. ആനുകൂല്യങ്ങൾ കൊടുക്കാത്തതുകൊണ്ട് രണ്ട് പ്രോസിക്യൂട്ടർമാർ ഒഴിഞ്ഞുപോയെന്നും വിഡി സതീശൻ പറഞ്ഞു. എന്നാൽ കേസ് അന്വേഷണത്തിൽ വീഴ്ച ഇല്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. പ്രോസിക്യൂഷൻ വീഴ്ച വരാതിരിക്കാൻ ശ്രദ്ധിക്കും. സാക്ഷികൾ പ്രതികളുടെ ദുസ്വാധീനത്തിന് വഴങ്ങുന്ന അവസ്ഥ ഉണ്ടായി , പൊലീസും പ്രോസിക്യൂഷനും വെറുതെ ഇരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Comment