കേരളം

കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു പേരക്കുട്ടിയും മുത്തശ്ശിയും മരിച്ചു

ഗുരുവായൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു പേരക്കുട്ടിയും മുത്തശ്ശിയും മരിച്ചു.അപകടത്തില്‍ 3 പേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രക്കാരായ തിരുവനന്തപുരം പേട്ട തുലയില്‍ വീട്ടില്‍ കൃഷ്ണകുമാരി (85), ചെറുമകളുടെ മകള്‍ ജാനകി(3) എന്നിവരാണ് മരിച്ചത്.

കൃഷ്ണകുമാരിയുടെ മകന്‍ ജയദേവന്‍ (61), ഭാര്യ ഷീബ (54), ഇവരുടെ മകള്‍ കൃഷ്ണഗാഥ (33) എന്നിവര്‍ക്കു സാരമായി പരുക്കേറ്റു. കൃഷ്ണഗാഥയുടെയും ആര്‍ക്കിടെക്‌ട് ആയ ചാത്തന്നൂര്‍ ചൂരപ്പൊയ്ക ഗംഗോത്രിയില്‍ സുധീഷിന്റെയും ഏക മകളാണ് ജാനകി.

ജാനകിക്ക് തുലാഭാരം നടത്താനായി കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് കാറുകളിലായി കൃഷ്ണകുമാരിയും മകന്‍ റിട്ട. സബ് രജിസ്ട്രാര്‍ ജയദേവനും ഭാര്യ ഷീബയും കുടുംബാംഗങ്ങളും തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ചത്.

ചടങ്ങുകള്‍ക്കുശേഷം തിങ്കളാഴ്ച രാവിലെ ഗുരുവായൂരില്‍നിന്ന് ഇവര്‍ എറണാകുളത്ത് എത്തി. ഷോപ്പിങ്ങിനുശേഷം രാത്രി ഒന്‍പതുമണിയോടെയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്

തിരുവനന്തപുരം വഴുതയ്ക്കാട് ഉദാരശിരോമണി റോഡില്‍ ഈഗോ ഡിസൈന്‍സ് എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് സുധീഷ്. നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവര്‍ തൃശൂര്‍ ചേലക്കര സ്വദേശി സജിത്തിന് (28) പ്രഥമ ശുശ്രൂഷ നല്‍കി. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു ശക്തികുളങ്ങര പോലീസ് കേസെടുത്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ബൈപാസ് റോഡില്‍ കാവനാട് മുക്കാട് പാലത്തിലാണ് അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു കുടുംബം. സുധീഷും മാതാപിതാക്കളും മറ്റൊരു കാറില്‍ ഇവര്‍ക്കു പിന്നിലായിരുന്നു.

ജയദേവനാണ് അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. മുന്‍ സീറ്റില്‍ കുടുങ്ങിയ കൃഷ്ണകുമാരിയെ അഗ്നിശമന സേന വാഹനം പൊളിച്ചു നീക്കിയാണു പുറത്തെടുത്തത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു.

മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാനകി ചൊവ്വാഴ്ച രാവിലെ 7 നും മരിച്ചു. കൃഷ്ണകുമാരിയുടെ സംസ്കാരം ഇന്നു തിരുവനന്തപുരത്തു നടക്കും. ജാനകിയുടെ മൃതദേഹം സുധീഷിന്റെ ചാത്തന്നൂരിലെ കുടുംബ വീട്ടുവളപ്പില്‍ സംസ്കരിക്കും.

Leave A Comment