ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി; 28 വരെ സാവകാശം
തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് സമയം നീട്ടി നൽകുമെന്ന് ആരോഗ്യവകുപ്പ്. ഫെബ്രുവരി 28 വരെയാണ് സാവകാശം നൽകിയിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് ഹെൽത്ത് കാർഡ് എടുക്കാൻ സർക്കാർ സമയം നീട്ടി നൽകുന്നത്.ഹോട്ടൽ ജീവനക്കാരിൽ 60 ശതമാനത്തോളം പേർ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണക്ക്.
ബാക്കി വരുന്ന 40 ശതമാനം പേര്‍ക്ക് കൂടി ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് സമയം നീട്ടിയത്.
സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം എന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഒരു വർഷമാണ് കാർഡിന്റെ കാലാവധി.
അംഗീകൃത മെഡിക്കൽ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരിൽ നിന്നാണ് സർട്ടിഫിക്കറ്റ് നേടിയെടുക്കേണ്ടത്. കാഴ്ച പരിശോധന, ത്വക്ക് രോഗനിർണയ പരിശോധന, വൃണം, മുറിവ് പോലുള്ളവയുടെ പരിശോധന നടത്തിയാണ് ഡോക്ടർ ഹെൽത്ത് കാർഡ് അനുവദിക്കേണ്ടത്.
പകർച്ചവ്യാധി പ്രതിരോധ വാക്സിനുകൾ എടുത്തിട്ടുണ്ടോ എന്നും പരിശോധിക്കും. പകർച്ചവ്യാധി രോഗങ്ങളുണ്ടോ എന്നറിയാൻ പ്രത്യേക രക്തപരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം അനുവദിക്കുന്ന സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Leave A Comment