ഡെൻസിയുടെ മരണം കൊലപാതകമോ ; റീപോസ്റ്റമോർട്ടം നാളെ ചാലക്കുടിയിൽ
ചാലക്കുടി : രണ്ട് വര്‍ഷം മുന്‍പ് അബൂദാബിയില്‍ വെച്ച് മരണപ്പെട്ട നോര്‍ത്ത് ചാലക്കുടി സ്വദേശി ഡെന്‍സിയുടെ മരണം കൊലപാതകമാണെന്ന് മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് ചാലക്കുടി സെന്റ് ജോസഫ് പള്ളിയിലെ കുഴിമാടം രാവിലെ എട്ടരയോടെ തുറന്ന് ഭൗതികാവശിഷ്ടം റീ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതാണ്. റീ പോസ്റ്റ്‌മോര്‍ട്ടത്തിനായി എല്ലാവിധ ഒരുക്കങ്ങളും ചാലക്കുടി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. മഴയുണ്ടായാലും നടപടി ക്രമങ്ങള്‍ക്ക് തടസമില്ലാതിരിക്കുവാന്‍ പന്തലടക്കമുള്ള സൗകര്യങ്ങള്‍ തയ്യാറാക്കി കഴിഞ്ഞു. ഏകദേശം മൂന്ന് മണിക്കൂറിലധികം സമയം വേണ്ടി വരും റീ പോസ്റ്റ്‌മോര്‍ട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാനെന്ന് എസ്.എച്ച്.ഒ കെ.എസ്.സന്ദീപ് പറഞ്ഞു.
നോര്‍ത്ത് ചാലക്കുടി വാളിയേങ്കല്‍ റോസിലിയുടെ മകളാണ് ഡെന്‍സി (38). മൂന്ന് മക്കളുടെ അമ്മയായ ഇവര്‍ 2019ലാണ് ജോലിക്കായ് അബൂദാബിയിലേക്ക് പോയത്. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് മരണം സംഭവിക്കുന്നത്. ആദ്യം വാഹന അപകടമാണെന്നും, പിന്നീട് ഹൃദയാഘാതമെന്നും എല്ലാം പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പള്ളിയില്‍ സംസ്‌ക്കാര കര്‍മ്മങ്ങള്‍ നടത്തിയിരുന്നത്.
ഡെന്‍സിയുടെ മരണം കൊലപാതകമാണെന്നുള്ള വിവരം കഴിഞ്ഞ ദിവസമാണ് വീട്ടുകാരറിയുന്നത്. കേസിന്റെ അന്വേഷണ ചുമതലയുള്ള നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം, ചാലക്കുടി പോലീസും വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു. പാരമ്പര്യ വൈദ്യന്‍ മൈസൂരിലെ ഷാബാ ഷെരീഫിനെ തട്ടി കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷറഫാണ് ഇരട്ട കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരകനെന്ന് കൂട്ടു പ്രതികള്‍ പോലീസില്‍ മൊഴി നല്‍കിയത്തിനെ തുടര്‍ന്നാണ് റീ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പടെയുള്ള തുടര്‍ നടപടി ക്രമങ്ങള്‍ക്ക് പോലീസ് തീരുമാനിച്ചത്.
ഷൈബിന്റെ സുഹൃത്തും ബിസനസ് പങ്കാളിയുമായ ഹാരിസിന്റെ സ്ഥാപനത്തിലാണ് ഡെന്‍സി ദുബായിയില്‍ ജോലി ചെയ്തിരുന്നത്.2020 മാര്‍ച്ച് അഞ്ചാം തീയതി ഹാരിസൂം, ഡെന്‍സിയും അബൂദാബിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തി ഹാരീസ് ആത്മഹത്യ ചെയ്‌തെന്നായിരുന്നു അബൂദാബി പോലീസിന്റെ അന്നത്തെ നിഗമനം. ഷാബാ ഷെരീഫ് വധത്തില്‍ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീക്ക്, പുതുക്കളങ്ങര ഷബീബ് റഹ്മാന്‍, കുത്രാടന്‍ അജ്മല്‍, പൊരി ഷമീം തുടങ്ങിയവരാണ് ഇരട്ട കൊലപതാക കേസിലെ തങ്ങളുടെ പങ്ക് സമ്മതിക്കുന്നത്. ഷൈബിന്റെ നിര്‍ദ്ദേശ പ്രകാരം സംഭവം നടത്തിയത്തെന്നും പ്രതികള്‍ മൊഴി നല്‍കിയതായി പറയുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഹാരിസന്റേയും മൃതദേഹം പോലീസ് പുറത്തെടുത്ത് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.
രണ്ട് വര്‍ഷം മുന്‍പ് ഹൃദയാഘാതമാണ് ഡെന്‍സിയുടെ മരണത്തിന് കാരണമെന്ന് പറയുകയും ഇപ്പോള്‍ കൊലപാതകത്തിലേക്ക് തിരിയുമ്പോള്‍ സംഭവത്തിന്റെ ദുരൂഹത പുറത്തു വരുന്നതും കാത്തിരിക്കുകയാണ് നാട്ടുകാര്‍.
Leave A Comment