അനധികൃത കൊടിമരം: നയമുണ്ടാക്കണം; ഹൈക്കോടതി
കൊച്ചി : പാതയോരങ്ങളിലും മറ്റുമുള്ള അനധികൃത കൊടിമരങ്ങൾ നീക്കംചെയ്യാനും പുതിയവ സ്ഥാപിക്കുന്നത് തടയാനുമായി സർക്കാർ നയം രൂപവത്കരിക്കണമെന്ന് ഹൈക്കോടതി. രാഷ്ട്രീയപ്പാർട്ടികൾ, ട്രേഡ് യൂണിയനുകൾ തുടങ്ങിയവയെയൊക്കെ ഭയന്ന് അനധികൃത കൊടിമരങ്ങൾ നീക്കംചെയ്യുന്നതിൽ ബന്ധപ്പെട്ടവർ വിസമ്മതിക്കുകയോ ഭയക്കുകയോ ചെയ്യുകയാണ്. ഇക്കാര്യത്തിൽ സർക്കാർ ഇച്ഛാശക്തി കാട്ടിയാൽമാത്രമേ മാറ്റം ഉണ്ടാക്കാനാകൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.അനധികൃത കൊടിമരങ്ങൾ നീക്കംചെയ്യുന്ന കാര്യത്തിൽ സർക്കാർ രണ്ടു സർക്കുലറുകൾ പുറപ്പെടുവിച്ചെങ്കിലും അതിലൊന്നും സ്ഥിരമായുള്ള കൊടിമരങ്ങളുടെ കാര്യം പറയുന്നില്ല. ഇക്കാര്യത്തിൽ വ്യക്തതവരുത്തണമെന്ന് കോടതി നേരത്തേ ആവശ്യപ്പെട്ടെങ്കിലും മുമ്പ് സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് സമയം വേണമെന്നാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം. ചെറിയാൻ അറിയിച്ചത്. പുതിയതായി ഇത്തരത്തിൽ കൊടിമരം സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും വിശദീകരിച്ചു. ഇതിനെത്തുടർന്നാണ് നയത്തിന് രൂപംനൽകണമെന്ന നിർദേശം കോടതി മുന്നോട്ടുവെച്ചത്.
സ്ഥിരമായ കൊടിമരങ്ങൾ നിയമവിരുദ്ധമാണ്. ഇത്തരത്തിലുള്ളവയ്ക്കെതിരേ ഭൂമിസംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ പിഴചുമത്തണം -കോടതി വ്യക്തമാക്കി. പന്തളം മന്നം ആയുർവേദ കോ-ഓപ്പറേറ്റീവ് മെഡിക്കൽ കോളേജിന്റെ പ്രവേശനകവാടത്തിലെ രാഷ്ട്രീയപ്പാർട്ടികളുടെ കൊടിമരങ്ങൾ നീക്കംചെയ്യാൻ പോലീസ് സംരക്ഷണം തേടി മന്നം ഷുഗർ മില്ല് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി സെപ്റ്റംബർ 22-ന് പരിഗണിക്കാൻ മാറ്റി.
Leave A Comment