കേരളം

ഓണം കിറ്റ് വിതരണം എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നു, ഇതുവരെ 67,423 കിറ്റുകൾ നൽകി

എറണാകുളം:ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നു. 67,423 കിറ്റുകളാണ് പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്തത്. കിറ്റ് വിതരണത്തിന്റെ ആദ്യ ദിവസങ്ങളായ ചൊവ്വ, ബുധന്‍ (ഓഗസ്റ്റ് 23, 24) ദിവസങ്ങളില്‍ എ.എ.വൈ ഗുണഭോക്താക്കള്‍ക്കാണ് (മഞ്ഞ റേഷന്‍ കാര്‍ഡ്) കിറ്റുകള്‍ നല്‍കിയിത്. ഈ വിഭാഗത്തില്‍ 36,985 കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ 26260 കാര്‍ഡ് ഉടമകള്‍ കിറ്റ് വാങ്ങി.ഈ ദിവസങ്ങളില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ കിറ്റ് വാങ്ങാം. 

 വ്യാഴാഴ്ച (ഓഗസ്റ്റ് 25) മുതല്‍ പി.എച്ച്.എച്ച്(പിങ്ക് റേഷന്‍ കാര്‍ഡ് ) ഗുണഭോക്താക്കള്‍ക്ക് കിറ്റ് നല്‍കി തുടങ്ങി. വെള്ളി, ശനി(ഓഗസ്റ്റ് 26, 27) ദിവസങ്ങളിലും ഇവര്‍ക്ക് കിറ്റ് വിതരണം ചെയ്യും. ഇതുവരെ 39997 പി.എച്ച്.എച്ച് കാര്‍ഡ് ഗുണഭോക്താക്കള്‍ക്ക് കിറ്റ് നല്‍കി. ജില്ലയിലാകെ ഈ വിഭാഗത്തില്‍ 27,1812 കുടുംബങ്ങളാണുള്ളത്

 ജില്ലയില്‍ ആകെ 8,96,973  സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും. 29, 30, 31 തീയതികളില്‍ എന്‍.പി.എസ് കാര്‍ഡ്(നീല) ഉടമകള്‍ക്കും, സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ എന്‍.പി.എന്‍.എസ് കാര്‍ഡുകാര്‍ക്കും (വെള്ള) കിറ്റ് ലഭിക്കും. തങ്ങള്‍ക്ക് അനുവദിച്ച ദിവസങ്ങളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ  കിറ്റ് വാങ്ങാവുന്നതാണ്.

 തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം അവശ്യസാധനങ്ങളാണ് കിറ്റുകളിലുള്ളത്. മില്‍മയില്‍ നിന്നുള്ള നെയ്യും, കാഷ്യു കോര്‍പ്പറേഷനില്‍ നിന്നുള്ള കശുവണ്ടിയും,സപ്ലൈകോ ശബരി ബ്രാന്റിന്റെ മുളകുപൊടി, മഞ്ഞള്‍പൊടി, വെളിച്ചെണ്ണ, തേയില എന്നിവയുമാണ് ഇവയില്‍ ഉള്‍പ്പെടുന്നത്.

Leave A Comment