കേരളം

കെ സുധാകരനെതിരെ ഏഴ് എംപിമാർ; കെസി വേണുഗോപാലിനെ കണ്ടു

ദില്ലി: സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത പുതിയ ചേരിപ്പോരിൽ പരാതിയുമായി എംപിമാർ. ഏഴ് എംപിമാരുൾപ്പെട്ട സംഘം ദില്ലിയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കണ്ട് പരാതി അറിയിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രണ്ട് എംപിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ സംഭവത്തിലാണ് പരാതി. കെ സുധാകരൻ നോട്ടീസ് നൽകിയത് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണെന്ന് എംപിമാർ പരാതി അറിയിച്ചു. എഐസിസി അംഗങ്ങളായ എം പിമാർക്ക് കെ പി സി സി പ്രസിഡന്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് കീഴ് വഴക്കം ലംഘിച്ചാണെന്ന് എംപിമാർ പരാതിയറിയിച്ചു.

 നോട്ടീസിന് മുരളീധരനും, രാഘവനും മറുപടി നൽകില്ലെന്ന് കെസി വേണുഗോപാലിനെ അറിയിച്ച എംപിമാർ കേരളത്തിലെ സംഘടന സംവിധാനം കുത്തഴിഞ്ഞുവെന്ന പരാതിയും ഉന്നയിച്ചു. ഏകപക്ഷീയമായ പാർട്ടി പുന:സംഘടന നിർത്തിവയ്ക്കണമെന്നും എംപിമാർ ആവശ്യം ഉന്നയിച്ചു. കോഴിക്കോട് എംപി എംകെ രാഘവനും, വടകര എംപി കെ മുരളീധരനുമടക്കം എംപിമാർ കെ സി വേണുഗോപാലിനെ കണ്ട സംഘത്തിൽ ഉണ്ടായിരുന്നു.

 വിഷയത്തിൽ ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് എം കെ രാഘവനും കെ മുരളീധരനും പാർട്ടിക്കുള്ളിൽ ലഭിക്കുന്നത്. പാർലമെന്‍റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് എംപിമാർക്കെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. അച്ചടക്ക വിഷയമായതിനാൽ പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും എം കെ രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും.

Leave A Comment